
തിരുവനന്തപുരം: മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ അന്വേഷണം മോർച്ചറിയുടെ ചുമതലയുള്ള ആർ.എം.ഒയെ തന്നെ ഏൽപ്പിച്ചു. ഇതിൽ, ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാർ കടുത്ത അമർഷത്തിലാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെങ്ങാനൂർ വെണ്ണിയൂർ സ്വദേശി ദേവരാജന്റെ(57) മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. . ഒക്ടോബർ ഒന്നിനാണ് ദേവരാജൻ മരിച്ചത്.2ന് മൃതദേഹം വിട്ടുനൽകി..അന്ന് തന്നെ ബന്ധുക്കൾ സംസ്കാരവും നടത്തി. മോർച്ചറിയിൽ ഓരോ മൃദേഹത്തിനും നമ്പരിട്ടാണ് സൂക്ഷിക്കുക. എന്നാൽ, അജ്ഞാതന്റെ മൃതദേഹമാണ് ദേവരാജന്റേതെന്ന് പറഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മൂടിക്കെട്ടിയ മൃതദേഹം മാറിയ കാര്യം ശവസംസ്‌കാര സമയത്തും ബന്ധുക്കൾക്ക് തിരിച്ചറിയാനായില്ല. ജീവനക്കാർ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നൽകിയതായി ശ്രദ്ധയിൽപ്പെട്ടത്. സംഭവം വിവാദമായതോടെ, പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടു. അജ്ഞാതന്റെ മൃതദേഹം മാറിയത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ നൽകുമെന്ന് ആർ.എം.ഒ അറിയിച്ചു.
അതേസമയം,രോഗിയെ പുഴുവരിച്ച സംഭവത്തിൽ കൊവിഡ് വാർഡിന്റെ ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസറെ സസ്പെന്റ് ചെയ്‌തിരിക്കെ, വീഴ്ച വരുത്തിയ മോർച്ചറിയുടെ ചുമതലയുള്ള ആർ.എം.ഒയ്ക്ക് തന്നെ അന്വേഷണച്ചുമതല നൽകിയതിൽ ഒരു വിഭാഗം ജീവനക്കാർ അമർഷത്തിലാണ്.
പരാതിയില്ലെന്ന്
ബന്ധുക്കൾ
മൃതദേഹം മാറി ലഭിച്ചതിൽ പരാതിയില്ലെന്ന് ദേവരാജന്റെ ബന്ധുക്കൾ അറിയിച്ചു. മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതരാണ് അറിയിച്ചത്. ഇന്നലെ വിട്ടുനൽകിയ മൃതദേഹം വൈകിട്ട് ശാന്തി കവാടത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കരിച്ചു. ശോഭനയാണ് ദേവരാജന്റെ ഭാര്യ.മക്കൾ: അശ്വതി, അനൂപ്.
സംഭവത്തിൽ ആർ.എം.ഒ. തിങ്കളാഴ്ച അന്വേഷണ റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീഴ്ചയുണ്ടായതായി പ്രാഥമികാന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
- ഡോ.സാറ വർഗീസ് ,
മെഡി.കോളേജ് പ്രിൻസിപ്പൽ