gst

തിരുവനന്തപുരം: ജി.എസ്. ടി നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമെടുക്കാൻ ജി.എസ്.ടി കൗൺസിൽ യോഗം ഇന്ന് ഓൺലൈനായി നടക്കും. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ,സഹമന്ത്രി അനുരാഗ് താക്കൂർ എന്നിവർ സംസ്ഥാന ധനമന്ത്രിമാരുമായി സംസാരിക്കും.

ജി.എസ്. ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്രം മുന്നോട്ട് വച്ച രണ്ട് നിർദ്ദേശങ്ങളും സ്വീകാര്യമല്ലെന്ന് കേരള ധനമന്ത്രി തോമസ് ഐസക്ക് യോഗത്തിൽ വ്യക്തമാക്കും. 97,000 കോടി രൂപ കേന്ദ്ര സർക്കാരും, 1,38,000 കോടി രൂപ സംസ്ഥാനങ്ങളും വായ്പയെടുക്കണമെന്നതാണ് കേന്ദ്രത്തിന്റെ ഒന്നാമത്തെ നിർദ്ദേശം. 21ലധികം സംസ്ഥാനങ്ങൾ ഈ നിർദ്ദേശം സ്വീകരിച്ചു കഴിഞ്ഞു. ആകെ ജി.എസ്. ടി നഷ്ടപരിഹാരമായ 2,35,000 കോടി രൂപയും സംസ്ഥാനങ്ങൾ വായ്പയെടുക്കുക എന്നതാണ് രണ്ടാമത്തെ നിർദ്ദേശം.

ജി.എസ്.ടി നടപ്പിലാക്കിയത് വഴിയുള്ള നഷ്ടം ,കൊവിഡ് വഴിയുള്ള നഷ്ടം എന്നീ വിഭജനം പാടില്ലെന്നും, ജി.എസ്. ടി നഷ്ടപരിഹാരത്തെ സംസ്ഥാനങ്ങളുടെ വായ്പാ പരിധിയുമായി ബന്ധപ്പെടുത്തരുതെന്നുമാണ് കേരളത്തിന്റെ നിലപാട്. ഇതംഗീകരിക്കുകയാണെങ്കിൽ കേന്ദ്രവും സംസ്ഥാനവും ഏതനുപാതത്തിൽ കടമെടുക്കണം, ഇപ്പോൾ എത്ര കടമെടുക്കണം, 2022ൽ എത്ര കടമെടുക്കണം ,തിരിച്ചടവിനായുള്ള സെസ് അഞ്ചുവർഷത്തിലധികം നീട്ടുന്നത് എത്രവേണം തുടങ്ങിയ കാര്യങ്ങളിൽ സമവായത്തിലെത്തണം.അതിന് കഴിഞ്ഞില്ലെങ്കിൽ ജി.എസ്. ടി കൗൺസിലിന്റെ തർക്ക പരിഹാര വേദിക്ക് വിടണം.അതുവരെ താത്കാലിക നഷ്ടപരിഹാരം നൽകണമെന്നും കേരളം ആവശ്യപ്പെടുന്നു.