
മലയിൻകീഴ്: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. കീഴാറൂർ ചിലമ്പറ നെല്ലിക്കാട് കൈപ്പള്ളി മനയ്ക്കൽ വീട്ടിൽ ജിഷ്ണു മോഹനെയാണ് (24) ബൈക്കിലെത്തിയ 9 അംഗസംഘം സ്റ്റമ്പ് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ചത്. കീഴാറൂർ ചെമ്പൂര് ചിലമ്പാറ നെല്ലിമൂട് വീട്ടിൽ സന്തോഷ് (കുട്ടൻ- 40), മാറനല്ലൂർ മലവിള വീട്ടിൽ കെ.ലാൽകൃഷ്ണ (23), മാറനല്ലൂർ തൂങ്ങാംപാറ വിഷ്ണുനിവാസിൽ ജെ. വിഷ്ണു (വാസു-21), കീഴാറൂർ കുറ്റിയാണിക്കാട് കാവല്ലൂർ മണികണ്ഠ വിലാസത്തിൽ വി.അനിൽ (കുഞ്ഞു-30), കീഴാറൂർ കുറ്റിയാണിക്കാട് കണ്ണങ്കര കോളനിയിൽ എം. കിരൺ (കൈലി-22), മാറനല്ലൂർ മൂലക്കോമം പിറത്തവിള വിഘ്നേഷ് ഭവനിൽ ബി. വിഘ്നേഷ്( വിക്കി- 23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് നടത്തിയ വൈദ്യ പരിശോധനയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 17 ന് രാവിലെ 9ന് അന്തിയൂർക്കോേണം -തച്ചോട്ടുകാവ് റോഡിൽ മൂങ്ങോട് ജംഗ്ഷനടുത്തായിരുന്നു ആക്രമണം. സുഹൃത്തിനൊപ്പം ബൈക്കിൽ പോകുകയായിരുന്ന ജിഷ്ണുവിനെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്തിനെയും മറ്റൊരാളിനെയും അക്രമികൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തി. തലയ്ക്കും കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രതികളിലൊരാളായ സന്തോഷ് ജിഷ്ണുവിന്റെ മാതാവ് രജനിയെ മുൻപ് വീട്ടിൽ കയറി ആക്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചായാണ് രണ്ടാമത്തെ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ, എസ്.ഐ രാജേഷ്, ഷാഡോ പൊലീസുകാരായ സതികുമാർ, വിജേഷ്, ഗ്രേഡ് എസ്.ഐ മണിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.