
കോവളം: നിലവിലെ നിയന്ത്രണങ്ങളും രോഗവ്യാപന നിരക്കും വർദ്ധിച്ചതോടെ കരകൗശല തൊഴിലാളികളുടെ ജീവിതം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. തുച്ഛമായ വരുമാനത്തിൽ ജീവിതം തള്ളിനീക്കിയിരുന്ന തൊഴിലാളികളുടെ ജീവിതം ഇപ്പോൾ പട്ടിണിയിലാണ്. ദിവസവേതനക്കാരായ കരകൗശല തൊഴിലാളികൾ കഷ്ടപ്പെട്ടായിരുന്നു ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. കരകൗശല വികസന കോർപറേഷനിൽ ഉത്പന്നങ്ങൾ നൽകുന്ന തൊഴിലാളികൾക്ക് കോടികളുടെ കുടിശ്ശിക ലഭിക്കാനുണ്ട്. കൊവിഡ് കാരണം ജനജീവിതം സ്തംഭിച്ചതോടെ മേളകളും നടക്കാതായി. ലക്ഷകണക്കിന് രൂപയുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. ഉത്സവ കാലങ്ങളിൽ മാത്രം പ്രദർശനവും മേളകളും നടത്തി ജീവിക്കുന്നവരുടെ മുന്നോട്ടുള്ള നാളുകൾ ഇനി എന്ത് എന്ന സ്ഥിതിയിലാണ്. കരകൗശല മേഖല ഉപജീവനമായി സ്വീകരിച്ചവരിൽ നല്ലൊരു പങ്കും നിർദ്ധനരായ സ്ത്രീകളാണെന്ന് പറയുന്നു. ഭിന്നശേഷിക്കാരും രോഗവുമായി കഷ്ടപ്പെടുന്നവരും നൈപുണ്യ പരിശീലനം നേടിയവരുടെ കൂട്ടത്തിലുണ്ട്. വീട്ടുവായ്പകളും, മക്കളുടെ പഠന ചിലവുകളും എങ്ങനെയാണ് തരണം ചെയ്യുക എന്നറിയാത്ത പ്രതിസന്ധിയിലാണ് ഇവർ. അസംഘടിത മേഖലയിലെ കരകൗശല തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാം കൂടുതൽ വെല്ലുവിളികൾ ഉയർത്തിയിരിക്കുകയാണ്. തൊഴിലാളികൾക്കായി ഡെവലപ്‌മെന്റ് കമ്മിഷണറേറ്റ് ഒഫ് ഹാന്റിക്രാഫ്റ്റ്സ് കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ മാറ്റിവെയ്ക്കുന്നുണ്ടെങ്കിലും ഇതിൽ യാതൊന്നും തൊഴിലാളികളിൽ എത്തുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷം പതിനയ്യായിരം തൊഴിലാളികൾക്കായി അമ്പതിനായിരം രൂപയുടെ ടൂൾസ് കിറ്റ് വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ടും അയ്യായിരം രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്തത്. അഞ്ഞൂറോളം തൊഴിലാളികൾക്കാണ് ഇതിന്റെ സേവനം കിട്ടിയതെന്നും പറയുന്നു. എന്നാൽ ലഭിച്ചതാകട്ടെ യാതൊരു പ്രയോജനവും ലഭിക്കാത്തതും. കരകൗശല കോർപറേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യാപക പരാതികളുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസികൾ ഇത് കണ്ടെത്തണമെന്നുമാണ് കരകൗശല തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
പ്രശ്നം ഗുരുതരം
മുമ്പ് ഉണ്ടായിരുന്ന വരുമാനത്തിന്റെ പകുതി പോലും ഇപ്പോൾ ഇവർക്ക് ലഭിക്കുന്നില്ല.
ഉത്പന്നങ്ങൾ ഒന്നും വിറ്റുപോകുന്നില്ല, നിർമ്മാണവും നടക്കുന്നില്ല.
ക്ഷേമനിധികളിലൊന്നും അംഗത്വമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യവും ലഭിച്ചില്ല
ആവിഷ്കരിച്ച പല പദ്ധതികളുടെ ഗുണം ഇവർക്ക് ലഭിച്ചിട്ടില്ല
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കരകൗശല കിറ്റുകളുടെ വിതരണം ഇതുവരെ നടന്നിട്ടില്ല
ഈ തൊഴിലിനെ പലരും ചൂഷണം ചെയ്യുന്നുണ്ട്. ശില്പകല പഠിക്കാൻ വരും തലമുറയ്ക്ക് സൗകര്യം ഒരുക്കാൻ സർക്കാർ തയ്യാറാകണം.
- ഷാജഹാൻ, കരകൗശല തൊഴിലാളി