covid

തിരുവനന്തപുരം: സമൂഹ വ്യാപനത്തിന്റെ തീവ്രത കൂട്ടി ഇന്നലെ ജില്ലയിൽ 1,119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 943 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 149 പേരുടെ ഉറവിടം വ്യക്തമല്ല. 17 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. രണ്ടുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിയതാണ്. എട്ടുപേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. പെരുകാവ് സ്വദേശി കൃഷ്‌ണൻ നായർ (83), ആനയറ സ്വദേശി അശോകൻ (75), വേളി സ്വദേശിനി ജോസഫൈൻ ഫ്രാങ്ക്ലിൻ (72), പാറശാല സ്വദേശി രാജയ്യൻ(80), മഞ്ചവിളാകം സ്വദേശി റോബർട്ട് (53), പാലോട് സ്വദേശിനി ജയന്തി (50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാൾ ആചാരി (90), മഞ്ചവിളാകം സ്വദേശി ദേവരാജ് (55) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നലെ 21 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 880 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 441 പേർ സ്ത്രീകളും 678 പേർ പുരുഷന്മാരുമാണ്. പുതുതായി 3,913 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,785 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 2,921 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 12,594 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ആകെ ചികിത്സയിലുള്ളവർ - 12,594
ആകെ നിരീക്ഷണത്തിലുള്ളവർ - 29,785
പുതുതായി രോഗ നിരീക്ഷണത്തിലായവർ - 3,913