
തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ അഭിമാനത്താേടെ ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ മുന്നിട്ടിറങ്ങിയ ആരോഗ്യമേഖലയിൽ ഇപ്പോൾ, അസംതൃപ്തി പടരുന്നത് ആശങ്ക ഉയർത്തുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരും പ്രക്ഷോഭത്തിലാണ്. ഇവിടെ രോഗിക്ക് കൊവിഡ് ബാധിക്കുകയും മോശം പരിചരണം കാരണം പുഴുവരിക്കുകയും ചെയ്ത സംഭവത്തോടെയാണ് ആരോഗ്യരംഗത്തെ കടുത്ത അസംതൃപ്തി പുറത്തറിഞ്ഞത് . ഡോക്ടറെ സസ്പെൻഡ് ചെയ്യുകയും പത്തോളം നഴ്സുമാർക്ക് നോട്ടീസ് നൽകുകയും ചെയ്തതോടെ ഡോക്ടർമാർ സമരം തുടങ്ങി. പിന്തുണയുമായി നഴ്സുമാരും രംഗത്തിറങ്ങി. പുതിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് കേന്ദ്രങ്ങളിൽ ജോലിയെടുക്കില്ലെന്ന് പി. ജി. വിദ്യാർത്ഥികളും നിലപാടെടുത്തു. ഇതിനിടെയാണ്, കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം ബന്ധുക്കൾക്ക് മാറി നൽകിയത്.
ആരോഗ്യമേഖലയുടെ താളം തെറ്റിയത് അടുത്തിടെയാണ്. ആദ്യം റാപ്പിഡ് റെസ്പെൺസ് സംവിധാനവും പിന്നീട് ചികിത്സാ സംവിധാനങ്ങളും തകിടം മറിഞ്ഞു. കൊവിഡ് നിയന്ത്രണം ഡോക്ടർമാരിൽ നിന്ന് കളക്ടറിലേക്കും പിന്നീട് പൊലീസിലേക്കും മാറിയതോടെ ഡോക്ടർമാർ പിൻവലിയുകയായിരുന്നു.
പരിമിതിയും പോരായ്മയും
# തിരുവനന്തപുരം മെഡി. കോളേജിൽ 1723 തസ്തിക ഒഴിഞ്ഞുകിടക്കുന്നു
# 69 വെന്റിലേറ്ററുകൾ നോക്കാൻ 268 സ്റ്റാഫ് നഴ്‌സ് വേണം. നിലവിൽ 149പേർ മാത്രം. 119 പേരുടെ കുറവ്.
# മെഡിക്കൽ ഐ.സി.യുവിൽ 20 നഴ്സുമാർ മാത്രം. 15 പേർ കുറവ്
# വാർഡുകളിൽ പകുതി നഴ്‌സുമാർ മാത്രം.
# കൊവിഡ് വിഭാഗത്തിൽ 368 നഴ്സുമാരുടെ കുറവ്.
# ഇതര വിഭാഗത്തിൽ 490 നഴ്സുമാരുടെ കുറവ്
# കൊവിഡ് വിഭാഗത്തിൽ 196 നഴ്‌സിംഗ് അസിസ്റ്റന്റുമാരും, ഇതര വിഭാഗത്തിൽ 261 പേരും കുറവ്.
# രോഗികൾക്ക് കൂട്ടിരിപ്പുകാരെ വിലക്കിയെങ്കിലും ബദൽ സംവിധാനമില്ല.
അസംതൃപ്തിയുടെ
പിന്നാമ്പുറം
#ഒഴിവുകൾ നികത്തുന്നില്ല.
#കൊവിഡ് ബാധിച്ചാൽ ചികിത്സാസൗകര്യങ്ങളില്ല
# ലീവോ,വിശ്രമമോ ഇല്ല
# നിരീക്ഷണ സംവിധാനങ്ങളില്ല.
# കൊവിഡ് കാലത്തും സാലറികട്ട്
# പി.ജി.വിദ്യാർത്ഥികൾക്ക് ശമ്പളം നൽകുന്നില്ല
#കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ജീവനക്കാർ കുറവ്
തിരുവനന്തപുരം മെഡി.കോളേജ്
# കിടക്കകൾ 1954
# പ്രതിദിന രോഗികൾ 500
#ജീവനക്കാർ:3500