തിരുവനന്തപുരം: ഭൗമദിന സംഘാടകരായ എർത്ത്‌ ഡേ നെറ്റ്‌വർക്കിന്റെ സ്‌റ്റാർ മുനിസിപ്പൽ ലീഡർഷിപ്പ്‌ പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പുരസ്‌കാരം. പരിസ്ഥിതി സൗഹൃദ മാലിന്യ നിർമ്മാർജന പദ്ധതികൾ, വികേന്ദ്രീകൃത മാലിന്യ നിർമ്മാർജന പദ്ധതികൾ, മാലിന്യ നിർമ്മാർജനത്തിൽ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തം എന്നിവയാണ്‌ അവാർഡിന് അർഹമാക്കിയത്.

എർത്ത്‌ ഡേ നെറ്റ്‌‌വർക്ക് ഇന്ത്യ ചാപ്ടർ പ്രതിനിധികൾ നഗരസഭാ ഓഫീസിലെത്തി മേയർ കെ. ശ്രീകുമാറിന്‌ പുരസ്‌കാരം സമ്മാനിക്കും. തിരുവനന്തപുരം ഉൾപ്പെടെ 11 നഗരങ്ങളാണ് പുരസ്‌കാര പട്ടികയിൽ ഇടം നേടിയത്‌. വിളപ്പിൽശാലയിലെ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടിയശേഷം 'എന്റെ നഗരം സുന്ദരനഗരം' എന്ന പേരിൽ നഗരസഭ നടപ്പാക്കിയ വികേന്ദ്രീകൃത - ഉറവിട മാലിന്യ പരിപാലന പദ്ധതിക്ക് അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗയയുടെ സീറോ വേസ്റ്റ് സിറ്റി അവാർഡ്, ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റർ ഫോർ സയൻസ് ആൻഡ്‌ എൻവയൺമെന്റിന്റെ ഫോർ ലീവ്സ് അവാർഡ്, മുഖ്യമന്ത്രിയുടെ പ്രഥമ ഹരിതകേരളം പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി അന്തർദേശീയ-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.