
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ട സമരങ്ങൾ നിറുത്തുന്നതായുള്ള യു.ഡി.എഫ് ചെയർമാൻ രമേശ് ചെന്നിത്തലയുടെ പ്രസ്താവന മുന്നണിയിൽ ഒരാശയക്കുഴപ്പവുമുണ്ടാക്കിയിട്ടില്ലെന്ന് കൺവീനറായി ചുമതലയേറ്റ ശേഷം കേരളകൗമുദിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ എം.എം. ഹസ്സൻ വ്യക്തമാക്കി. സമരത്തിൽ നിന്ന് ഒളിച്ചോടിയെന്ന ധനമന്ത്രിയുടെ ആക്ഷേപം മറ്റ് സി.പി.എം നേതാക്കളും ഏറ്റെടുത്തതിനാലാണ് സമരങ്ങൾ നിറുത്തിയിട്ടില്ലെന്ന് താൻ പറഞ്ഞതെന്നും ഹസ്സൻ കൂട്ടിച്ചേർത്തു..
?.നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏഴ് മാസം. യു.ഡി.എഫിന്റെ പുതിയ കൺവീനർ
നേരിടുന്ന വെല്ലുവിളി
*നിർണായക രാഷ്ട്രീയസാഹചര്യത്തിലുള്ള ഈ ഉത്തരവാദിത്വം വെല്ലുവിളിയാണ്. യു.ഡി.എഫ് ഘടകകക്ഷികളെയും പ്രവർത്തകരെയും ഒറ്റക്കെട്ടായി അണിനിരത്തി ഈ വെല്ലുവിളി നേരിടാനാവുമെന്ന ആത്മവിശ്വാസമുണ്ട്..
?രാഷ്ട്രീയവിവാദങ്ങളിൽ ഉഴലുമ്പോഴും, എൽ.ഡി.എഫ് ഐക്യത്തിലാണ്. ജനകീയ വികസന പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുന്നു.
*എൽ.ഡി.എഫിലെ ഐക്യം പുറമേയാണ്. തുടർഭരണം അസാദ്ധ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി തന്നെ അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതിനാലാണ് പലതും അവർ വിഴുങ്ങുന്നത്.. ജനശ്രദ്ധ മാറ്റാനാണ് 100 ദിവസം കൊണ്ട് 100 പദ്ധതികളൊക്കെ പ്രഖ്യാപിക്കുന്നത്. 100 ദിവസം കൊണ്ട് അമ്പതിനായിരം പേർക്ക് തൊഴിൽ കൊടുക്കാനെങ്ങനെ സാധിക്കും. ഇപ്പോൾ തന്നെ എല്ലാ ഒഴിവുകളിലും കരാർ, പുറംവാതിൽ നിയമനങ്ങൾ നടത്തുകയാണ്.
?. യു.ഡി.എഫിന്റെ ഊർജ്ജമായിരുന്ന കെ.എം. മാണിയുടെ നേരവകാശികൾ ഇന്ന് മുന്നണിക്കൊപ്പമില്ല. കുഞ്ഞാലിക്കുട്ടിയുടെ കേരളത്തിലേക്കുള്ള മടങ്ങിവരവ് ലീഗിൽ ചില സംസാരങ്ങൾക്കൊക്കെ വഴിയൊരുക്കുന്നു.
* മാണിസാറിന്റെ നേരവകാശികളാണ് തർക്കങ്ങളുടെ പേരിൽ പുറത്ത് പോയത്. പുറത്താക്കിയതല്ല. മാണിസാറിനോട് ഇടതുമുന്നണി കാണിച്ച അന്യായവും അനീതിയുമെല്ലാം ജനങ്ങളുടെ മനസ്സിലുണ്ടല്ലോ. എൽ.ഡി.എഫ് കൺവീനർ കേരളകൗമുദിഫ്ലാഷിനോട് പറഞ്ഞത് കൂടിയായപ്പോൾ എല്ലാവർക്കും കാര്യം മനസ്സിലായി.അവരുമായി ചേർന്നാൽ മാണിസാറിന്റെ ആത്മാവ് പോലും അദ്ദേഹത്തിന്റെ പുത്രന് മാപ്പ് നൽകില്ല. മുസ്ലിംലീഗിന് എല്ലാ കാലത്തും മുൻനിരയിൽ നിന്ന് നേതൃത്വം കൊടുക്കുന്നത് കുഞ്ഞാലിക്കുട്ടിയാണ്..അതിനപ്പുറമുള്ള അർത്ഥങ്ങളതിന് നൽകുന്നത് മാദ്ധ്യമങ്ങളാണ്.
?. ബെന്നിബെഹനാൻ മുന്നണി കൺവീനർ സ്ഥാനമൊഴിയേണ്ടിവന്നത് ഒരാൾക്ക് ഒരു പദവി മാനദണ്ഡപ്രകാരമാണ്. രണ്ട് എം.പിമാർ വർക്കിംഗ് പ്രസിഡന്റുമാരായി തുടരുന്നു.
*ഹൈക്കമാൻഡാണ് അവരെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചത്. അതിനെ ചോദ്യം ചെയ്യാനാവില്ല.
? .ബെന്നി ബെഹനാന് അതൃപ്തിയുണ്ടായിരുന്നു.
*അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ നേതൃത്വം അംഗീകരിക്കുന്നയാളാണ്. ഉമ്മൻ ചാണ്ടി പറഞ്ഞത് ശിരസ്സാ വഹിച്ചാണല്ലോ രാജി വച്ചത്.
? .. സമരങ്ങളിൽ നിന്ന് പിൻവാങ്ങേണ്ടി വരുന്നതിനെപ്പറ്റി
* പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചത് ആൾക്കൂട്ടസമരങ്ങൾ തൽക്കാലം നിറുത്തി വയ്ക്കുന്നുവെന്നാണ്. ധനമന്ത്രിയാണ് ഞങ്ങൾ ഒളിച്ചോടിയെന്ന് പറഞ്ഞത്.
?..ബി.ജെ.പി സമരം നിറുത്തില്ലെന്ന് പറഞ്ഞപ്പോൾ യു.ഡി.എഫിന്റേത് പിറകോട്ട് പോക്കായി വ്യാഖ്യാനിക്കപ്പെട്ടില്ലേ.
* ബി.ജെ.പിയുടെ സമീപനമായിരുന്നില്ല യു.ഡി.എഫിന്റേത്. യു.ഡി.എഫ് പ്രതിഷേധം തുടരുമെന്ന് പറഞ്ഞല്ലോ..
? ..ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേട്ടമുണ്ടായെങ്കിലും ,തൊട്ടുപിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പുകളിൽ നേട്ടം ഇടതുമുന്നണിക്കായി.
* കേരളത്തിൽ ഞങ്ങൾ ഭരിക്കുമ്പോൾ എൽ.ഡി.എഫും ,എൽ.ഡി.എഫ് ഭരിക്കുമ്പോൾ ഞങ്ങളും ഉപതിരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടുണ്ട്.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വ്യത്യസ്തമായ അന്തരീക്ഷത്തിലാണ്.
?..യു.ഡി.എഫ് വിപുലീകരണം?
*അങ്ങനെയൊരാലോചനയും യു.ഡി.എഫിന്റെ അജൻഡയിലില്ല. ഇപ്പോഴുള്ള മുന്നണി നല്ല കെട്ടുറപ്പുള്ളതാണ്.
?..തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ
*യു.ഡി.എഫ് തദ്ദേശതിരഞ്ഞെടുപ്പിനായി രൂപീകരിച്ച ഉപസമിതിയുടെ കൺവീനർ ഞാനാണ്. ഞങ്ങൾ നേരത്തേ മുന്നൊരുക്കങ്ങൾ തുടങ്ങി. ഇനിയുള്ള ഒരു നിമിഷം പോലും പാഴാക്കില്ല.
ഒളിച്ചോടിയിട്ടില്ല, സമരങ്ങൾ തുടരും: എം.എം.ഹസ്സൻ
തിരുവനന്തപുരം:കൊവിഡ് വ്യാപനം കണക്കിലെടുത്ത് യു.ഡി.എഫ് താത്കാലികമായി നിറുത്തിവച്ച സംസ്ഥാന സർക്കാരിനെതിരായ സമരം പുനരാരംഭിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ യു.ഡി.എഫ് സമരം നിറുത്തിയപ്പോൾ സി.പി.എം പരിഹസിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 12ന് നിയോജക മണ്ഡലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചു പേർ പങ്കെടുക്കുന്ന സമരം സംഘടിപ്പിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയവത്കരിച്ചതോടെയാണ് കൊവിഡ് പ്രതിരോധം താളം തെറ്റിയതെന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വാർത്തകൾ വന്നതിന് പിന്നാലെയാണ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതെന്നും ഹസ്സൻ ആരോപിച്ചു. മോദി സർക്കാരിനെതിരെ മുഖ്യമന്ത്രി പ്രതികരിക്കാത്തത് പ്രധാന മന്ത്രിയോടുള്ള രാജഭക്തികൊണ്ടാണ്. ബി.ജെ.പി- സി.പി.എം ധാരണയെ പറ്റി സുരേന്ദ്രൻ ഒന്നും അറിയുന്നില്ലെന്നും ഹസ്സൻ പറഞ്ഞു. ഭരണത്തുടർച്ച പ്രയാസമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പോലും പറയാതെ പറയുന്നു. സി.പി എമ്മിന് ശക്തി കൂടുതലാണെങ്കിലും സി.പി.ഐയുടെ അത്ര ബുദ്ധിയില്ലെന്നും ഹസ്സൻ പരിഹസിച്ചു. ആരുടെയും അവസരം നിഷേധിച്ചിട്ടല്ല യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് താൻ വന്നതെന്നും പ്രതിപക്ഷ നേതാവിനെതിരെയുള്ള ഐ ഫോൺ വിവാദം അടിസ്ഥാനരഹിതമാണെന്നും ഹസ്സൻ പറഞ്ഞു.
-