mm-hasan

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടസമരങ്ങൾ നിറുത്തുന്നതായുള്ള യു.ഡി.എഫ് ചെയർമാൻ രമേശ് ചെന്നിത്തലയുടെ പ്രസ്താവന മുന്നണിയിൽ ഒരാശയക്കുഴപ്പവുമുണ്ടാക്കിയിട്ടില്ലെന്ന് കൺവീനറായി ചുമതലയേറ്റശേഷം കേരളകൗമുദിക്കുള്ള പ്രത്യേക അഭിമുഖത്തിൽ എം.എം. ഹസ്സൻ വ്യക്തമാക്കി. സമരത്തിൽ നിന്ന് ഒളിച്ചോടിയെന്ന ധനമന്ത്രിയുടെ ആക്ഷേപമേറ്റെടുത്ത് സി.പി.എം നേതാക്കൾ കൊണ്ടുപിടിച്ച പ്രചരണം നടത്തിയതിനാലാണ് സമരങ്ങൾ നിറുത്തിയിട്ടില്ലെന്ന് താൻ പറഞ്ഞതെന്നും ഹസ്സൻ പറഞ്ഞു.

അഭിമുഖത്തിൽ നിന്ന്:

?നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏഴ് മാസമാണ് ബാക്കി. ഈ ഘട്ടത്തിൽ യു.ഡി.എഫ് ഏകോപനസമിതിയുടെ കൺവീനർസ്ഥാനം ഏറ്റെടുക്കുമ്പോഴുള്ള വെല്ലുവിളി-

-നിർണായകമായ രാഷ്ട്രീയസാഹചര്യത്തിലാണ് ഉത്തരവാദിത്വം ഞാനേറ്റെടുക്കുന്നത്. വെല്ലുവിളിയാണ്. എന്നാൽ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ യു.ഡി.എഫിലെ ഘടകകക്ഷികളെയും കോൺഗ്രസിലെയും യു.ഡി.എഫിലെയും പ്രവർത്തകരെയുമെല്ലാം ഒറ്രക്കെട്ടായും ഊർജ്ജസ്വലരായും അണിനിരത്തിക്കൊണ്ട് ധീരമായി ഈ വെല്ലുവിളികളെ നേരിടാനാകുമെന്ന ആത്മവിശ്വാസമാണ് ദൗത്യമേറ്റെടുക്കുമ്പോഴുള്ളത്.

?രാഷ്ട്രീയവിവാദങ്ങളിൽ സർക്കാർ ഉഴലുമ്പോഴും സി.പി.എമ്മിലെയും ഇടതുമുന്നണിയിലെയും ഒത്തൊരുമ ഇടതുമുന്നണിക്ക് കരുത്തേകുന്ന ഘടകമാണ്. വിവാദങ്ങളെ മറികടക്കാൻ ജനകീയവികസനപദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുന്നു. വെറും രാഷ്ട്രീയആരോപണങ്ങളുയർത്തി മാത്രം ഇടതുമുന്നണിയെ നേരിടാനാകുമെന്ന് കരുതുന്നുണ്ടോ?

- എൽ.ഡി.എഫ് ഐക്യത്തോടെ മുന്നോട്ട് പോകുന്നുവെന്നത് പുറമേയുള്ള കാഴ്ചയാണ്. അടുത്ത കാലത്ത് സി.പി.ഐ സെക്രട്ടറിയുടെ ഒരിഭിപ്രായം വരികൾക്കിടയിലൂടെ വായിച്ചാൽ, തുടർഭരണം അസാദ്ധ്യമാക്കിയിരിക്കുന്നു എന്നദ്ദേഹം അംഗീകരിക്കുന്നതായി മനസ്സിലാക്കാനാകും. ഇക്കഴിഞ്ഞ ആറ് മാസത്തെ ആരോപണങ്ങളും സംഭവവികാസങ്ങളും കൊണ്ട്. നേരത്തേ സി.പി.ഐ മുന്നണിക്കകത്തും പരസ്യമായും പറയുമായിരുന്നു. തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന ഘട്ടമായതിനാലാണ് പലതും അവർ വിഴുങ്ങുന്നത്. മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയിലെ ചെറിയ കക്ഷികൾ പോലും വിമർശനങ്ങൾ പരസ്യമായി നടത്തിയാൽ അത് മാർക്സിസ്റ്റ് പാർട്ടി സഹിക്കില്ല. അതുകൊണ്ട് അതൃപ്തി നമ്മൾ പുറത്ത് കാണുന്നില്ലെന്നേയുള്ളൂ.

സർക്കാരിനെതിരായ ആരോപണങ്ങളെയെല്ലാം പ്രതിരോധിക്കാൻ പതിവുശൈലിയിൽ സി.പി.എമ്മും ഇടതുപക്ഷവും പ്രചരണപരിപാടികൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഏശുന്നില്ല. ജനങ്ങളുടെ പ്രതികരണം നോക്കുമ്പോൾ മനസ്സിലാകും. ജനശ്രദ്ധ മാറ്റാനാണ് 100 ദിവസം കൊണ്ട് 100 പദ്ധതികളൊക്കെ പ്രഖ്യാപിക്കുന്നത്. 100 ദിവസം കൊണ്ട് അമ്പതിനായിരം പേർക്ക് തൊഴിൽ കൊടുക്കാനെങ്ങനെ സാധിക്കും. ഇപ്പോൾ തന്നെ എല്ലാ ഒഴിവുകളിലും ഒരുപാട് കരാർ, പുറംവാതിൽ നിയമനങ്ങൾ നടത്തുകയാണ്. പി.എസ്.സിയുടെയൊക്കെ സമീപനം നമ്മൾ കാണുകയല്ലേ. അപ്പോൾ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരങ്ങൾ ഞങ്ങൾ ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കും. അവരിങ്ങോട്ടുയർത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ ഞങ്ങൾക്കൊരു ബുദ്ധിമുട്ടുമില്ല. അവസാനം ഐഫോണിന്റെ കാര്യത്തിൽ തിരിച്ചുകൊണ്ടല്ലോ. ഞങ്ങൾക്ക് ഒരു ഭയവുമില്ല.

? യു.ഡി.എഫിന്റെ ഊർജ്ജമായിരുന്ന കെ.എം. മാണിയുടെ നേരവകാശികളെന്ന് പറയാവുന്നവർ ഇന്ന് മുന്നണിക്കൊപ്പമില്ല. മദ്ധ്യതിരുവിതാംകൂറിൽ യു.ഡി.എഫിന്റെ മുഖമുദ്ര‌യായിരുന്നു കേരള കോൺഗ്രസ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കേരളത്തിലേക്കുള്ള മടങ്ങിവരവ് ലീഗിൽ ചില സംസാരങ്ങൾക്കൊക്കെ വഴിയൊരുക്കിയിരിക്കുന്നു. എങ്ങനെ കാണുന്നു.

- മാണിസാറിന്റെ നേരവകാശികളെ യു.ഡി.എഫിനകത്ത് പരമാവധി നിലനിറുത്താൻ ഞങ്ങൾ ശ്രമിച്ചല്ലോ. തർക്കങ്ങളുടെ പേരിൽ അവരാണ് വാസ്തവത്തിൽ പുറത്ത് പോയത്. പുറത്താക്കിയതല്ല. തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടത് അവരുടെ സമീപനം കൊണ്ടാണ്. വീരേന്ദ്രകുമാറിന്റെ കക്ഷി തന്നെ മുന്നണി വിട്ട് പോയിട്ടും യു.ഡി.എഫിന്റെ ജനകീയാടിത്തറയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നതിന് തെളിവാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്. കെ.എം. മാണിയുടെ പാർട്ടി പുറത്ത് പോയി മറ്റേതെങ്കിലും രാഷ്ട്രീയമുന്നണിയിൽ ചേർന്നാലും ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ മാണിയെ സ്നേഹിക്കുന്ന ജനാധിപത്യവിശ്വാസികളുടെ നിലപാടിൽ മാറ്റം വരില്ല. അതായത്, കേരള കോൺഗ്രസ്-എം യു.ഡി.എഫ് വിട്ട് മറിച്ചൊരു നിലപാടെടുത്താൽ കേരള കോൺഗ്രസ് വോട്ടർമാർ അംഗീകരിക്കുമെന്നെനിക്ക് തോന്നുന്നില്ല. മാണിസാറിനോട് ഇടതുമുന്നണി കാണിച്ച കടുത്ത അന്യായവും അനീതിയുമെല്ലാം ഇപ്പോഴും ജനങ്ങളുടെ മനസ്സിലുണ്ടല്ലോ. എൽ.ഡി.എഫ് കൺവീനർ കേരളകൗമുദിഫ്ലാഷിനോട് പറഞ്ഞത് കൂടിയായപ്പോൾ മാണിയുടെ പാർട്ടിയിലെ പ്രവർത്തകർക്കും കാര്യം മനസ്സിലായി.ഇത്രയൊക്കെ ദ്രോഹിച്ച മുന്നണിയുമായി ചേർന്നാൽ മാണിസാറിന്റെ ആത്മാവ് പോലും അദ്ദേഹത്തിന്റെ പുത്രന് മാപ്പ് നൽകില്ല.

മുസ്ലിംലീഗിന് എല്ലാ കാലത്തും മുൻനിരയിൽ നിന്ന് നേതൃത്വം കൊടുക്കുന്നത് കുഞ്ഞാലിക്കുട്ടിയാണ്. പ്രധാനപ്പെട്ട രണ്ട് തിരഞ്ഞെടുപ്പല്ലേ വരുന്നത്. മുൻകാലത്ത് അദ്ദേഹം ചെയ്തിരുന്ന ക്യാമ്പെയ്ൻ ചുമതല അദ്ദേഹത്തെ അദ്ദേഹത്തിന്റെ പാർട്ടി ഏല്പിചചുവെന്നേയുള്ളൂ. അതിനപ്പുറമുള്ള അർത്ഥങ്ങളതിന് നൽകുന്നത് മാദ്ധ്യമങ്ങളാണ്. അതിനെക്കുറച്ച് പറയേണ്ടത് കു്ഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണ്.

? കുഞ്ഞാലിക്കുട്ടിയുടെ വരവിന്റെ ചുവടുപിടിച്ച് കോൺഗ്രസിലും അരഡസൻ എം.പിമാരെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നുവെന്ന വാർത്തയുണ്ട്

- അതൊക്കെ കിംവദന്തികളാണ്. അഭിപ്രായം കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞുകഴിഞ്ഞു. ഞാൻ ആവർത്തിക്കേണ്ടതില്ല.

? ബെന്നിബെഹനാൻ മുന്നണികൺവീനർ സ്ഥാനമൊഴിയേണ്ടിവന്നത് ഒരാൾക്ക് ഒരു പദവി മാനദണ്ഡപ്രകാരമാണ്. എന്നാൽ ചിലർക്ക് മാത്രം അത് ബാധകമാകുന്നുവെന്ന വിമർശനമുണ്ട്. രണ്ട് എം.പിമാർ വർക്കിംഗ് പ്രസിഡന്റുമാരായി തുടരുന്നു. അതിലൊരാൾ ലോക്‌സഭയിലെ കോൺഗ്രസ് ചീഫ് വിപ്പുമാണ്.

- ഹൈക്കമാൻഡാണ് അവരെ വർക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചത്. കെ.പി.സി.സിയുടെ അഭിപ്രായം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും അവർ തുടരാനാണ് ഹൈക്കമാൻഡ് തീരുമാനിച്ചത്. അതിനെ നമുക്ക് ചോദ്യം ചെയ്യാനാവില്ല.

? ബെന്നി ബെഹനാന് അതൃപ്തിയുണ്ടായിരുന്നു. രാജിയില്ല എന്ന നിലപാടായിരുന്നു അദ്ദേഹം തുടക്കം മുതൽ സ്വീകരിച്ചുപോന്നത്.

- അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. അതെല്ലാം മാദ്ധ്യമങ്ങളിൽ വന്നതല്ലേ. അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ നേതൃത്വം അംഗീകരിക്കുന്നയാളാണ്. ഉമ്മൻ ചാണ്ടി പറഞ്ഞത് ശിരസ്സാ വഹിച്ചുകൊണ്ടാണല്ലോ അദ്ദേഹമിപ്പോൾ രാജിവച്ചത്.

?രാജി വച്ച ശേഷം അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നോ?

എന്നെ അദ്ദേഹം വിളിച്ചഭിനന്ദിച്ചു. ഞാനദ്ദേഹത്തെ വിളിച്ച് സമരപരിപാടികൾ പറഞ്ഞു. ഞങ്ങൾ തമ്മിലൊന്നും ഒരു പ്രശ്നവുമില്ല. ഉറ്റ സുഹൃത്തുക്കളും സഹപ്രവർത്തകരുമല്ലേ (ചിരിക്കുന്നു).

? കൊവിഡിന്റെ പശ്ചാത്തലത്തിലാണെങ്കിലും സർക്കാരിനെ നിരന്തരം സമ്മർദ്ദത്തിൽ നിറുത്തേണ്ട സന്ദർഭത്തിൽ സമരങ്ങളിൽ നിന്ന് പിൻവാങ്ങേണ്ടി വരുന്നത് ദോഷമല്ലേ-

-അങ്ങനെയല്ല. പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചത് ആൾക്കൂട്ടസമരങ്ങൾ തൽക്കാലം നിറുത്തിവയ്ക്കുന്നുവെന്നാണ്. ഇക്കാര്യമാലോചിക്കാൻ സർവ്വകക്ഷിയോഗം വിളിക്കുന്നതിന് തലേന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ ബന്ധപ്പെട്ട് കൊവിഡ് വ്യാപന തീവ്രത ബോദ്ധ്യപ്പെടുത്തിയത്. അപ്പോൾ തന്നെ എല്ലാ കക്ഷികളുമായി ആലോചിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞു, ഞങ്ങളിതാ തീരുമാനിക്കുന്നു, സർവ്വകക്ഷിയോഗം വരെ കാത്തുനിൽക്കേണ്ടതില്ലെന്ന്. പക്ഷേ, സി.പി.എമ്മിന്റെ സെക്രട്ടറിയല്ല, ധനമന്ത്രിയാണ് ഞങ്ങൾ ഒളിച്ചോടിയെന്ന് പറഞ്ഞത്. അത് വ്യക്തമാക്കേണ്ട ചുമതലയുള്ളതിനാലാണ് ആൾക്കൂട്ട സമരമേ തൽക്കാലം നിറുത്തിയിട്ടുള്ളൂ എന്നിന്നലെ താൻ പറഞ്ഞത്. ഇത് പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രതിപക്ഷനേതാവ് പറഞ്ഞത്, സർക്കാരിന്റെ അഴിമതിക്കും വീഴ്ചകൾക്കുമെതിരായ പ്രക്ഷോഭം തുടർന്നും ഞങ്ങൾ പ്രകടിപ്പിക്കുമെന്നാണ്. 12ന് അഞ്ച് പേർ മാത്രം പങ്കെടുക്കുന്ന പ്രോട്ടോകോൾ പാലിച്ചുള്ള സമരമാണ്. ഓരോ ദിവസവും പുതിയ പുതിയ അഴിമതിയാരോപണം വരുമ്പോഴെങ്ങനെ

പ്രതിഷേധം നീട്ടിവയ്ക്കാൻ പറ്റും ? എങ്കിലുമൊരു ആശയക്കുഴപ്പമില്ലേ.

- ഇല്ല. ഞങ്ങൾ പറഞ്ഞത് വളരെ വ്യക്തമാണ്. ആൾക്കൂട്ടസമരങ്ങൾ തൽക്കാലം നിറുത്തിവയ്ക്കുന്നു. പ്രതിഷേധം തുടരും. പക്ഷേ ഒളിച്ചോടിയെന്ന ധനമന്ത്രിയുടെ പ്രസ്താവന വച്ച് അങ്ങനെയൊരു ധാരണ പരത്താൻ സി.പി.എം നേതാക്കൾ കൊണ്ടുപിടിച്ച പ്രചരണം നടത്തി. ആ തെറ്റിദ്ധാരണ മാറ്റാനാണ് ഞങ്ങളിന്ന് പറഞ്ഞത് സമരങ്ങൾ നിറുത്തിയിട്ടില്ലെന്ന്.

?ബി.ജെ.പി നിറുത്തില്ലെന്ന് പറഞ്ഞപ്പോൾ യു.ഡി.എഫിന്റേത് പിറകോട്ട് പോക്കായി വ്യാഖ്യാനിക്കപ്പെട്ടില്ലേ...

- ബി.ജെ.പിയുടെ സമീപനമായിരുന്നില്ല യു.ഡി.എഫിന്റേത്. യു.ഡി.എഫ് പ്രതിഷേധം തുടരുന്നെന്ന് പറഞ്ഞല്ലോ. അതിലൊരു ആശയക്കുഴപ്പവുമില്ല, മുന്നണിയിൽ.

?- തിരഞ്ഞെടുപ്പുകളിലേക്ക് അടുക്കുമ്പോൾ കോൺഗ്രസിനകത്ത് നേതാക്കൾക്കിടയിൽ മുറുമുറുപ്പുകൾ ഉയരുന്നു

- കോൺഗ്രസ് ജനാധിപത്യപാർട്ടിയാണ്. അതിലെ നേതാക്കൾ ചിലപ്പോഴൊക്കെ അഭിപ്രായപ്രകടനങ്ങൾ നടത്താറുണ്ട്. പക്ഷേ ഇപ്പോൾ വിവാദങ്ങളുണ്ടാക്കുന്ന അഭിപ്രായപ്രകടനങ്ങൾ പാടില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. അത് കർശനമായി വിലക്കി കെ.പി.സി.സി പ്രസിഡന്റ് പ്രസ്താവനയിറക്കി. ഇലക്‌ഷൻ കാലത്തിലേക്ക് കടക്കുമ്പോൾ എല്ലാ കാലത്തും ഇത്തരം വിവാദങ്ങൾ ഉണ്ടാകാറുണ്ട്. കോൺഗ്രസിന് അതുകൊണ്ട് തകരാറുണ്ടായിട്ടില്ല.

 ? ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായെങ്കിലും തൊട്ടുപിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പുകളിൽ നേട്ടം ഇടതുമുന്നണിക്കായി.

- അതിപ്പോൾ കേരളത്തിൽ ഞങ്ങൾ ഭരിക്കുമ്പോൾ എൽ.ഡി.എഫും എൽ.ഡി.എഫ് ഭരിക്കുമ്പോൾ ഞങ്ങളും ഉപതിരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പും തമ്മിൽ താരതമ്യം ചെയ്യാനാവില്ല. ആറ് ഉപതിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയസാഹചര്യമല്ല. പരിപൂർണ്ണമായി മാറിയില്ലേ. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വ്യത്യസ്തമായ അന്തരീക്ഷത്തിലാണ്. അതത് കാലത്ത് നിലനിൽക്കുന്ന രാഷ്ട്രീയാഹചര്യങ്ങളും ഗവണ്മെന്റിന് പലതരത്തിൽ പ്രലോഭിപ്പിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്നതുമാണ് ചില സന്ദർഭങ്ങളിൽ ഭരണത്തിലിരിക്കുമ്പോൾ എൽ.ഡി.എഫ് വിജയമുണ്ടായിട്ടുള്ളത്.

? യു.ഡി.എഫ് വിപുലീകരണം?

- അങ്ങനെയൊരാലോചനയും യു.ഡി.എഫിന്റെ അജൻഡയിലില്ല. ഇപ്പോഴുള്ള മുന്നണി നല്ല കെട്ടുറപ്പുള്ളതാണ്. നല്ല ജനപിന്തുണയുണ്ട്. ജനങ്ങൾ ഗവണ്മെന്റിനെതിരായി ശക്തമായ അമർഷവും അതൃപ്തിയു രേഖപ്പെടുത്തുന്ന സാഹചര്യമുണ്ട്. തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുന്നണിയുടെ ജനകീയാടിത്തറയിൽ യാതൊരു ആത്മവിശ്വാസക്കുറവുമില്ല. ഏതെങ്കിലും രാഷ്ട്രീയകക്ഷികൾ വരാൻ തയാറായാൽ ആ സമയത്ത് ആലോചിക്കും.

?- തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ

- യു.ഡി.എഫ് തദ്ദേശതിരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ച ഉപസമിതിയുടെ കൺവീനർ ഞാനാണ്. ഞങ്ങൾ നേരത്തേ മുന്നൊരുക്കങ്ങൾ തുടങ്ങി. ഇനിയുള്ള ഓരോ ദിവസവും ഒരു നിമിഷം പോലും പാഴാക്കാതെ തദ്ദേശതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്ക് വിനിയോഗിക്കുകയും അതിന് നേതൃത്വം കൊടുക്കുകയുമാണ് എന്റെ അജൻഡ.

-