
തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.യൂണിടാക് ഉടമ സന്തോഷ് ഇൗപ്പന് ഇന്ന് വക്കീൽ നോട്ടീസ് അയക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ ഒാഫീസിൽ നിന്ന് അറിയിച്ചു.
യു.എ. ഇ.കോൺസുലേറ്റിന്റെ ദേശീയദിനാഘോഷ ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ഐ.ഫോൺ നൽകിയെന്നായിരുന്നു വിവാദമായ വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതി കരാർ കിട്ടിയ യൂണിടാക് ഉടമ സന്തോഷ് ഇൗപ്പന്റെ വെളിപ്പെടുത്തൽ.കോൺസുലേറ്റിന്റെ ചടങ്ങിൽ പങ്കെടുത്തെങ്കിലും മൊബൈൽഫോണോ മറ്റുസമ്മാനമോ വാങ്ങിയിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ഫോണുകൾ ആരാണ് ഉപയോഗിക്കുന്നതെന്ന് ഐ.ഇ.എം.ഐ. നമ്പർ ഉപയോഗിച്ച് കണ്ടെത്താൻ ഡി.ജി.പി.ക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അതുകൊണ്ടാണ് നിയമപരമായി നീങ്ങുന്നത്.ഹൈക്കോടതിയെയോ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെയോ സമീപിക്കാൻ നിയമവിദഗ്ദ്ധരുമായി ചർച്ച നടത്തി വരികയാണ് ചെന്നിത്തല.