
കയ്പമംഗലം: പെരിഞ്ഞനത്ത് റിട്ട. അദ്ധ്യാപികയുടെ മാല ബൈക്കിലെത്തി കവർന്ന ഉത്തരേന്ത്യക്കാരായ മൂന്ന് പേർ പിടിയിൽ. ഡൽഹി സ്വദേശികളായ മുഹമ്മദ് മഹ്ഫൂസ് (32), മുഹമ്മദ് അക്വിൽ( 33), ഉത്തർപ്രദേശ് സ്വദേശി അങ്കുർ (32) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി ആർ. വിശ്വനാഥിന്റെ പ്രത്യേക അന്വേഷണ സംഘമായ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗ്ഗീസ്, സർക്കിൾ ഇൻസ്‌പെക്ടർ എം.ജെ ജിജോ, കയ്പമംഗലം എസ്.ഐ കെ.എസ് സുബിന്ത് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പെരിഞ്ഞനം ചക്കാലക്കൽ ക്ഷേത്രത്തിനടുത്തുള്ള റിട്ട. അദ്ധ്യാപികയുടെ അഞ്ച് പവൻ തൂക്കമുള്ള മാല പ്രതികൾ പൊട്ടിച്ചെടുത്തത്.
സംഭവം നടന്ന ഉടനെ ജില്ലാ പൊലീസ് മേധാവി എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിർദ്ദേശം നൽകുകയും ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ എം.ജെ ജിജോയും സംഘവും അതു വഴി പാഞ്ഞു വന്ന ബൈക്ക് തടയുകയും ഒരു പ്രതിയെ പിടികൂടുകയും ചെയ്തു. ഇതിനിടയിൽ രണ്ടാമൻ ബൈക്കുമായി രക്ഷപ്പെട്ടിരുന്നു. പിടിയിലായ ആളെ ചോദ്യം ചെയ്തപ്പോഴാണ് എറണാകുളത്ത് സംഘത്തിലുള്ളവർ ഉണ്ടെന്നു കണ്ടെത്തിയത്. എറണാകുളത്തെ പൊലീസിനും വിവരം നൽകി പൊലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് റെയിൽവേ പൊലീസിനും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും പ്രതികളുടെ ലഭ്യമായ കാമറാ ദൃശ്യങ്ങളും, വിവരങ്ങളും നൽകി.
എറണാകുളത്തെ അമ്പാട്ടുകാവിൽ ബൈക്കിൽ പോകുകയായിരുന്ന പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ തൃശൂർ, എറണാകുളം ജില്ലകളിലെ അന്തിക്കാട്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, ബിനാനിപുരം എന്നിവിടങ്ങളിൽ സമാനമായ കേസുകൾ ചെയ്തതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. എസ്.ഐ പാട്രിക്, എ.എസ്.ഐമാരായ അബ്ദുൾ സത്താർ, ജെനിൻ, മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒമാരായ ഷഫീർബാബു, വി.വി നിധിൻ, മുഹമ്മദ് റാഫി, കെ.എസ് ഉമേഷ്, ഇ.എസ്. ജീവൻ, കെ.എസ്. രാഹുൽ, പ്രബിൻ, രാഹുൽ രാജ് സൈബർ സെൽ പൊലീസുകാരനായ സി.കെ ഷനൂഹ് എന്നിവരടങ്ങിയ സംഘവും, എറണാകുളം പൊലീസിന്റെയും സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.