mammukka-murukesh

ആലുവ: യു.സി കോളേജ് സി.എഫ്.എൽ.ടി.സിയിൽ ഏഴ് ദിവസത്തെ ചികിത്സക്ക് ശേഷം കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിട്ടും ചികിത്സാകേന്ദ്രം വിടാതെ രണ്ടുപേർ. പോകാനായി കിടപ്പാടമില്ലാത്തതിനാലാണ് മമ്മുവും മുരുകേഷും ഒരാഴ്ച്ച പിന്നിട്ടിട്ടും ചികിത്സ കേന്ദ്രം വിടാതിരിക്കുന്നത്.

ആലുവ ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്തംബർ 17നാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് യു.സി കോളേജിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 24ന് നടത്തിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയങ്കിലും സ്വന്തമായി വീടില്ലാത്തതിനാൽ ഇരുവരും ഇവിടെ തന്നെ തുടരുകയാണ്. പാചക തൊഴിലാളിയായിരുന്ന മമ്മു ആലുവയിലും പരിസര പ്രദേശങ്ങളിലും നിരവധി ഹോട്ടലുകളിൽ ജോലി ചെയ്തിരുന്നു. പെരുമ്പാവൂർ റോഡിലെ പെരിയാർ പള്ളിയിൽ നാല് വർഷമായി താമസിക്കുകയായിരുന്നു. കളമശ്ശേരിയിൽ ഉണ്ടായിരുന്ന കുടുംബവുമായി 30 വർഷത്തിന് മുമ്പ് പിരിഞ്ഞതാണ്. ഇപ്പോൾ കുടുബം എവിടെയെന്നു പോലും മമ്മുവിന് അറിയില്ല.

മുരുകേശൻ ആലുവ അമ്പാട്ടുകാവിൽ കുടുബസമേതം വാടകയ്ക്ക് താമസിക്കുകയായിരുന്നു. നാലു വർഷം മുമ്പ് തമിഴ്‌നാട്ടിൽ തിരുന്നൽവേലിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഭാര്യയും രണ്ട് മക്കളും മരിച്ചു. പിന്നീട് പല ഹോട്ടലുകളിലും പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. പലതരത്തിലുള്ള രോഗങ്ങൾ ബാധിച്ചതോടെ ജോലി ചെയ്യാൻ കഴിയാതെയായി. പിന്നീട് കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. അധികൃതരുടെ കനിവ് തേടുകയാണ് ഇരുവരും.