killi

കാട്ടാക്കട:കാട്ടാക്കടയിലെ റോഡുകളുടെ നവീകരികരണ ഉദ്‌ഘാടനം കഴിഞ്ഞ് ഒരുവർഷമായിട്ടും റോഡ് നിർമ്മാണം എങ്ങും എത്തിയില്ല. എം.എൽ.എമാർ ഫണ്ട് കണ്ടെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് എല്ലായിടത്തും ഉദ്ഘാടനം നടത്തിയത്. കാട്ടാക്കട അരുവിക്കര നിയോജക മണ്ഡലങ്ങളിലെ മിക്ക റോഡുകളുടേയും സ്ഥിതി ഇതാണ്. മിക്ക റോഡുകളുടെയും നിർമാണം തുടങ്ങിയെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നിർമ്മാണം മുടങ്ങിയ സ്ഥിതിയാണ്. കരാറുകാർ നിർമാണം പുനഃരാരംഭിക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മിക്കയിടങ്ങളിലും റോഡുകൾ തകർന്നടിഞ്ഞതോടെ യാത്രാക്കാരുടെ നട്ടെല്ലൊടിക്കുന്ന അവസ്ഥയിലായി. മഴക്കാലത്ത് റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിന്ന് വരുത്തുന്ന അപകടങ്ങളും കുറവല്ല. വേനൽക്കാലമായാൽ രൂക്ഷമായ പൊടിശല്യവും യാത്രക്കാരെ വലയ്ക്കും.
കാട്ടാക്കട - ബാലരാമപുരം, കിള്ളി - തൂങ്ങാംപാറ, അമ്പലത്തിൻകാല - കീഴാറൂർ, കിഴമച്ചൽ - ചെമ്പനാകോട് - കാഞ്ഞിരംവിള, കാനക്കോട് - പാപ്പനം എന്നീ റോഡുകളുടെ നവീകരണമാണ് വൈകുന്നത്. കഴിഞ്ഞ നവംബറിലാണ് കാട്ടാക്കട തൂങ്ങാംപാറയിൽ റോഡുകളുടെ നവീകരണ ഉദ്‌ഘാടനം നടത്തിയത്. മഴ മാറിയെങ്കിലും ഇപ്പോഴും മഴകാരണമാണ് പണിമുടങ്ങുന്നതെന്നാണ് കരാറുകാരുടെ വിശദീകരണം. നിർമ്മാണം പുനഃരാരംഭിക്കാനും സാധിച്ചിട്ടില്ല. കാട്ടാക്കട - കുറ്റിച്ചൽ റോഡിൽ ആഴ്ചകൾക്ക് മുൻപ് ശ്രീകൃഷ്ണപുരത്ത് തടികയറ്റിവന്ന ലോറി മറിഞ്ഞ് വൻ അപകടം ഒഴിവായത് തലനാരിയ്ക്കാണ്. ഇവിടത്തെ കുഴികളിൽ പാറവേസ്റ്റ് ഇറക്ക് കുഴികൾ മൂടിയെങ്കിലും ഇപ്പോൾ ഇവ ഇളകി വീണ്ടും അപകടാവസ്ഥയിലായി. കാട്ടാക്കട ഡിപ്പോയ്ക്കു മുന്നിലെ റോഡിലെ കുഴികൾ പോലും അടയ്ക്കാൻ പൊതുമരാമത്ത് അധികൃതർ തയ്യാറായിട്ടില്ല.


കിള്ളി - തൂങ്ങാംപാറ റോഡിലാകെ കുഴിയാണ്

ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായി. മറ്റ് റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. വർഷങ്ങളായി പൊളിഞ്ഞ് കിടക്കുന്ന റോഡുകൾ ബി.എം - ബി.സി. നിലവാരത്തിൽ നവീകരിക്കാനാണ് ഉദ്‌ഘാടനം നടത്തിയത് . ഇതിൽ കാട്ടാക്കട മാർക്കറ്റ് ജംഗ്ഷൻ - ബാലരാമപുരം റോഡ് നവീകരണത്തിൽ ഓട നിർമാണം മാത്രമാണ് തുടങ്ങിയത്. ദിവസങ്ങൾക്ക് മുൻപ് റോഡ് നിർമാണം മാർക്കറ്റ് ജംഷനിൽ ആരംഭിച്ചെങ്കിലും ടാറിന്റെ അഭാവം കാരണം വീണ്ടും നിർമാണം മുടങ്ങി. ടാറിംഗിന് കൊണ്ടുവന്ന വാഹനങ്ങൾ പോസ്റ്റ് ഓഫീസിന് സമീപത്തായി ഒതുക്കിയിട്ടിരിക്കുകയാണ്. ഇപ്പോൾ പലയിടങ്ങളിലും കാൽനട യാത്രയ്ക്കുപോലും കഴിയാത്ത സാഹചര്യമാണ്. ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം മുടങ്ങിയ റോഡ്നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.