health

തടി കൂടുന്നു, കൊളസ്ട്രോൾ ഉയരുന്നു, ബി.പി നിയന്ത്രിക്കണം... ഇങ്ങനെ നിരവധി ആവശ്യങ്ങളുമായാണ് പലരും വ്യായാമം ആരംഭിക്കുന്നത്. ആവശ്യമെന്തായാലും,​ ശാരീരികാദ്ധ്വാനം കുറഞ്ഞ പുത്തൻ ജീവിതരീതിയിൽ ചിട്ടയായ വ്യായാമം ആവശ്യമാണ് എന്ന കാര്യത്തിൽ ആ‌ർക്കും സംശയമില്ല.

ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും 45 മിനിട്ട് വീതമുള്ള നടത്തമാണ് ഏറ്റവും പ്രായോഗികമായ വ്യായാമം. ഒപ്പം ജോഗിംഗ്, സൈക്ളിംഗ്, ബാഡ്മിന്റൻ പോലുള്ള കളികൾ, ഗ്രൗണ്ട് എക്സർസൈസ്, ജിം വ്യായാമങ്ങൾ എന്നിവയും നല്ലതുതന്നെ. രോഗങ്ങളുള്ളവർ ഡോക്ടറുടെ ഉപദേശത്തോടെ മാത്രമേ ഏതു വ്യായാമവും ആരംഭി​ക്കാവൂ. അസ്വസ്ഥത ജനിപ്പിക്കുന്നതും അസൗകര്യമുണ്ടാക്കുന്നതുമായ വ്യായാമശീലം എത്ര പ്രയോജനം ചെയ്താലും തുടർന്നു പോകാനാവി​ല്ല. ചില കാര്യങ്ങൾ ശ്രദ്ധി​ക്കാം.

 വ്യായാമം ഒരു കഠി​നാദ്ധ്വാനമല്ല. അവരവർക്ക് ഇണങ്ങുന്ന വ്യായാമം, അതി​ന്റെ തീവ്രത, സമയദൈർഘ്യം തുടങ്ങി​യ അടി​സ്ഥാനവി​വരങ്ങൾ കൃത്യമായി​ പഠി​ച്ചശേഷം വ്യായാമം തുടങ്ങുക.

 എത്ര ലളിതമായി തുടങ്ങാമോ അത്രയും ലളിതമായി തുടങ്ങുക. ആരംഭദിവസം തന്നെ കഠിനമായി പ്രയത്നിച്ച് ശരീരത്തെ മടുപ്പിക്കരുത്.

വ്യായാമം ചെയ്യുന്നവർ ശരീരത്തിൽ വേണ്ടത്ര ജലാംശം ഉണ്ടെന്ന് ഉറപ്പാക്കണം. ക്ഷീണം കുറയ്ക്കാൻ ഇതു സഹായിക്കും. വ്യായാമത്തിന് മുമ്പ് കുറഞ്ഞത് ഒരു ഗ്ളാസ് വെള്ളം കുടിച്ചിരിക്കണം.

 നന്നായി വിയർത്താലേ വ്യായാമത്തിന്റെ ഗുണം കിട്ടൂ എന്നുള്ള ധാരണ തെറ്റാണ്. വിയർപ്പ് അന്തരീക്ഷത്തിലെ താപനില, ഈർപ്പം എന്നിവയുടെ കൂടി ഫലമാണ്.

 നടത്തം പോലുള്ള വ്യായാമത്തിൽ ഇഷ്ടങ്ങളെ കൂട്ടുപിടിക്കാം. അതു പാട്ടുകേൾക്കലുമാകാം, സുഹൃത്തുക്കളോടൊപ്പം വർത്തമാനം പറഞ്ഞുകൊണ്ടാകാം. വളർത്തുനായയോടൊപ്പമുള്ള സവാരിയാകാം.

 ഏതു വ്യായാമം ചെയ്താലും ആദ്യത്തെ അഞ്ചുമിനിട്ട് വാം അപ്പിനായും അവസാന അഞ്ചുമിനിട്ട് കൂൾഡൗണിനായും മാറ്റിവയ്ക്കേണ്ടത് നിർബന്ധമാണ്. അല്ലാതെ ഒറ്റയടിക്ക് വ്യായാമം തുടങ്ങുന്നതും നിറുത്തുന്നതും ഹൃദയാരോഗ്യത്തെ ബാധിക്കാം.

പഠന ശീലം പ്രധാനം

വിദ്യാർത്ഥികളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മറവി. പരീക്ഷക്കാലത്തെ അമിതമായ അദ്ധ്വാനവും സമയം തെറ്റിയുള്ള ആഹാരവും ആവശ്യത്തിനുള്ള ഉറക്കമില്ലായ്മയുമാണ് ഇവിടത്തെ വില്ലൻ.

 പഠിച്ച കാര്യങ്ങൾ ഓർമ്മയിൽ നിൽക്കാൻ ശരിയായ ഉറക്കം ആവശ്യമാണ്. ചുരുങ്ങിയത് ആറുമണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കണം.

 പഠനസമയവും പ്രധാനമാണ്. ചിലർക്ക് ഏകാഗ്രത കൂടുന്നത് വെളുപ്പിനാണെങ്കിൽ മറ്റുചിലർക്ക് രാത്രിയിലാകും. ഇതു മനസിലാക്കി ആ സമയത്ത് പ്രയാസമുള്ള വിഷയങ്ങൾ പഠിക്കുക.

ഒന്നുരണ്ടു മണിക്കൂർ പഠിച്ചുകഴിഞ്ഞാൽ അഞ്ചുമിനിട്ട് റിലാക്സ് ചെയ്യുക.

പാട്ടുകേൾക്കുന്നതുപോലെ ഇഷ്ടപ്പെട്ട ഒരു കാര്യം ചെയ്യാം.

 ഒരു കാരണവശാലും ബ്രെയിൻ ഫുഡ് ആയ പ്രഭാതഭക്ഷണം ഒഴിവാക്കരുത്. അമിതഭക്ഷണം, കൊഴുപ്പും ഉപ്പും അധികമായ ഭക്ഷണം ഒഴിവാക്കുകയും വേണം.

 കോഫി താത്കാലികമായ ഉന്മേഷം നൽകുമെങ്കിലും പഠനത്തിൽ സഹായിക്കില്ല. സൂക്ഷ്മ പോഷകങ്ങളുടെ കലവറയായ ഗ്രീൻ ടീയാണ് നല്ലത്.

ബ്രെയിൻ ഫുഡ് എന്നറിയപ്പെടുന്ന മത്സ്യം, ഓർമ്മ കൂട്ടാൻ സഹായിക്കുന്ന സിങ്ക്, മാംഗനീസ് എന്നിവയുള്ള ഇലക്കറികൾ, പയറുവർഗങ്ങൾ എന്നിവ കൂടുതൽ കഴിക്കാം. ഇടയ്ക്കി‌ടയ്ക്ക് വെള്ളം കുടിക്കാൻ മറക്കരുത്.

തൊഴിലിടത്തെ പിരിമുറുക്കം

വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം കഴിയുന്നതിനെക്കാൾ കൂടുതൽ സമയം നമ്മൾ കഴിയുന്നത് ഓഫീസിൽ സഹപ്രവർത്തകർക്കൊപ്പമാണ്.

ജീവിതത്തിലെ ഏറ്റവും ക്രിയാത്മക കാലം കൂടിയാണിത്. എന്നാൽ,​

മാനസികാരോഗ്യത്തിന്റെയും ശാരീരികാരോഗ്യത്തിന്റെയും കാര്യത്തിൽ ഓഫീസ് ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മിക്കവരും ചിന്തിക്കാറില്ല. മാനസിക പിരിമുറുക്കം മുതൽ നടുവേദനയും സ്പോണ്ടിലോസിസും വരെ അലട്ടുന്ന കാലമായി മാറാം.

ജോലി ആസ്വദിച്ചു ചെയ്യാനുള്ള സാഹചര്യം മറ്റുള്ളവർ സൃഷ്ടി​ച്ചുതരുമെന്ന് കരുതരുത്. അത് സ്വന്തം സൃഷ്ടി​യാണ് എന്നു തി​രി​ച്ചറി​യുന്നതോടെ ഓഫീസ് പി​രി​മുറുക്കങ്ങൾ അയഞ്ഞു തുടങ്ങും.

ഒരു കാരണവശാലും ഓഫീസി​ലെ തി​രക്കുകളെയും ഉത്കണ്ഠകളെയും വീട്ടി​ലേക്കു കൊണ്ടുപോകരുത്. ഇത് കുടുംബജീവി​തത്തി​ന്റെ താളം തെറ്റി​ക്കും.

കാര്യമായ വ്യായാമശീലമില്ലാത്തവർ ഓഫീസി​ൽ ചെയ്യാവുന്ന ലഘുവ്യായാമങ്ങൾ ശീലി​ക്കേണ്ടത് ആവശ്യമാണ്. തുടർച്ചയായി​ ഒരു മണി​ക്കൂറി​ലധി​കം ഇരി​ക്കരുത്. എഴുന്നേൽക്കാൻ മറന്നുപോകുന്നെങ്കി​ൽ കമ്പ്യൂട്ടറി​ലോ മൊബൈലി​ലോ ഓരോ മണി​ക്കൂറി​ലും ഓർമ്മി​പ്പി​ക്കാൻ അലാറം സെറ്റ് ചെയ്യണം.

കഴുത്തുവേദനയുള്ളവരും നി​രന്തരം കമ്പ്യൂട്ടർ ഉപയോഗി​ക്കുന്നവരും ഒരു പ്രതി​രോധ വ്യായാമം ചെയ്യണം. ഇരുന്നുകൊണ്ടോ നി​ന്നുകൊണ്ടോ തോൾ ചെവി​യി​ൽ മുട്ടി​ക്കാനെന്നവി​ധം ഉയർത്തുക. ഇത്തരത്തിൽ 10 തവണ വീതം ചെയ്യണം. ഇത് സ്പോണ്ടിലോസിസിനെ തടയാൻ സഹായിക്കും.

നടുവേദനയുള്ളവരും അതിന് സാദ്ധ്യതയുള്ളവരും കസേരയിൽ നടുവിന് താങ്ങ് നൽകുന്ന വിധം തലയണ വയ്ക്കുന്നത് നല്ലതാണ്.