short-film
ഹ്രസ്വചിത്രം മുഹമ്മദ് പേരാമ്പ്ര പ്രകാശനം ചെയ്യുന്നു

പേരാമ്പ്ര: കൊവിഡ് കാലത്തെ വിദ്യാർത്ഥി ജീവിതം ഇതിവൃത്തമാക്കി ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.'ക്ലാസ് റൂം അറിയുവാൻ' എന്ന പേരിലാണ് നവമാദ്ധ്യമങ്ങളിൽ ചിത്രം വൈറലാകുന്നത്. മാസങ്ങളായി കലാലയ ജീവിതം അന്യമായപ്പോൾ കൂട്ടുകാരെയും ക്ലാസ് റൂമിനെയും ഓർത്ത് മാനസിക പിരിമുറുക്കത്തിൽ കഴിയുന്ന കുട്ടിയുടെ സാഹചര്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വിദ്യാലയത്തിലെ നഷ്ട വസന്ത സ്മൃതികൾ ഒരു തേങ്ങലായി മാറവെ വിദ്യാലയം തുറക്കുന്ന വാർത്ത പത്രത്തിലൂടെ അറിയുന്ന കുട്ടി തന്റെ നൈരാശ്യത്തിൽ നിന്ന് മോചനം നേടുകയും വിദ്യാലയത്തിലേക്ക് പുറപ്പെടാനിറങ്ങുകയുമാണ് 20 മിനിറ്റോളം ദൈർഘ്യമുള്ള ചിത്രം പറയുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും കാമറയും സംവിധാനവും നിർവഹിച്ചത് ദാസൻ കെ. പെരുമണ്ണയാണ്. ഗാനരചന അഷറഫ് കല്ലോട്. സുനിജ ,സതീശൻ എന്നിവർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. എം. ജാനകി, രമ്യശ്രീ, രജീഷ്, തേജാലഷ്മി, വേദലഷ്മി, വി.കെ. രജീഷ്, വി.കെ രാജേഷ്, വി.കെ സതീശൻ തുടങ്ങിയവരും പങ്കെടുത്തു. ഹ്രസ്വ സിനിമയുടെ പ്രകാശന കർമ്മം നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു.