d

കല്ലമ്പലം: കാട്ടുപന്നി ശല്യം രൂക്ഷമായ പള്ളിക്കൽ പഞ്ചായത്തിൽ പന്നികളെ വെടിവെച്ചുകൊല്ലാൻ ജാഗ്രതാ സമിതിയിൽ തീരുമാനമായി.വനം വകുപ്പിനാണ് കൊല്ലാനുള്ള അധികാരം.കെ.കെ കോണം വാർഡ് മെമ്പർ പള്ളിക്കൽ നിസാമിന്റെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച് നേരത്തെ യോഗം കൂടിയിരുന്നു.അതിന്റെ റിപ്പോർട്ട് പഞ്ചായത്തിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റ് അടുക്കൂർ ഉണ്ണിയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിച്ചത്.വൈസ് പ്രസിഡന്റ് ഹസീന, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പള്ളിക്കൽ നിസാം,പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫീസർ,വില്ലേജ് ഓഫീസർ,ഫോറസ്റ്റ് ഓഫീസർ, വെറ്ററിനറി ഡോക്ടർ തുടങ്ങിയവർ പങ്കെടുത്തു.ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ വനംവകുപ്പധികൃതർ ക്യാമ്പ് ചെയ്ത് പന്നികളെ കൊല്ലുകയും പെട്രോൾ ഒഴിച്ച് കത്തിച്ച് മറവുചെയ്യുകയും വേണമെന്ന തീരുമാനമാണ് കൈക്കൊണ്ടത്. പന്നി ശല്യം മൂലം കൃഷി നാശം സംഭവിച്ച കർഷകർക്ക് 50 ശതമാനം നഷ്ട പരിഹാരം വനം വകുപ്പിൽ നിന്നും നൽകാനും തീരുമാനമായി.