
തിരുവനന്തപുരം: തെളിനീരിൽ കുടിനീർ കാണാൻ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന വാട്ടർ അതോറിട്ടിയുടെ കുപ്പിവെള്ള ഫാക്ടറി ഉത്പാദനം തുടങ്ങുംമുമ്പേ ശരശയ്യയിലായിട്ട് ഒരു വർഷം. 18 കോടി രൂപ ചെലവഴിച്ച് അരുവിക്കരയിൽ നിർമ്മിച്ച പ്ളാന്റ് പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനിക്ക് കൈമാറിയവരും മൗനത്തിലാണ്.
പ്ളാന്റ് പ്രവർത്തിപ്പിക്കണമെങ്കിൽ രണ്ട് കോടി രൂപ കിട്ടണമെന്നാണ് കെ.ഐ.ഐ.ഡി.സിയുടെ ആവശ്യം. ആ തർക്കമാണ് പ്രശ്നമെന്നാണ് പറയുന്നതെങ്കിലും, പിന്നിൽ കുപ്പിവെള്ള ലോബിയുടെ സമ്മർദ്ദമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയും അതിന് കാരണമായെന്ന് ആരോപണമുണ്ട്. വാട്ടർ അതോറിട്ടിയുടെ കുപ്പിവെള്ളം ന്യായവിലയ്ക്ക് വിപണിയിലെത്തിയാൽ അത് ബാധിക്കുന്നത് കുപ്പിവെളള്ള കച്ചവടം നടത്തുന്ന സ്വകാര്യ കമ്പനികളെയാണ്.
ഫാക്ടറി വാട്ടർ അതോറിട്ടിയെ തിരിച്ചേൽപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ കൈമാറ്റത്തിന്റെ വാർഷികദിനമായ ഇന്നലെ അവകാശദിനമായി ആചരിച്ചു. വാട്ടർ അതോറിട്ടിക്ക് അധിക വരുമാനം കണ്ടെത്താനാണ് ഫാക്ടറി സ്ഥാപിച്ചത്. വി.എസ് സർക്കാരിന്റെ കാലത്ത് ജലവിഭവ മന്ത്രിയായിരുന്ന എൻ.കെ.പ്രേമചന്ദ്രനാണ് പദ്ധതിക്ക് തുടക്കമിട്ടത്. അന്ന് ബഡ്ജറ്റ് വിഹിതമായി ഒരു കോടി അനുവദിച്ചിരുന്നു. വാട്ടർ അതോറിട്ടിയുടെ ഫണ്ടും ചേർത്താണ് നിർമ്മാണം പൂർത്തിയാക്കിയത്.
കുപ്പിവെള്ള നിർമ്മാണത്തിലേക്കു കടക്കാനായി വാട്ടർ അതോറിട്ടി നിയമം ഭേദഗതിചെയ്താണ് ചൈനയിൽനിന്ന് കുപ്പിവെള്ള പ്ലാന്റ് ഇറക്കുമതിചെയ്തത്. പ്രതിദിനം 4.5 ലക്ഷം ലിറ്റർ വെള്ളം വിതരണത്തിന് സജ്ജമാക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. ഇതിന്റെ വഴിമുടക്കാൻ നടന്ന നിരന്തര ശ്രമങ്ങളെക്കുറിച്ച് കേരളകൗമുദി വിവിധ റിപ്പോർട്ടുകൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പ്ലാന്റ് തുറക്കാനുള്ള നടപടികൾ നീങ്ങുന്നതിനിടെയാണ് കൈമാറ്റം നടന്നത്.
സമ്മതവും എതിർപ്പും
ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയായി കുപ്പി നിർമ്മിക്കുന്നതിനുള്ള മെഷീനും സ്ഥാപിച്ച് കുപ്പിവെള്ളത്തിന് 'തെളിനീർ' എന്ന് പേരുമിട്ടതിനുശേഷമാണ് പ്ളാന്റ് കൈമാറിയത്. ഇതിനെതിരെ ഫാക്ടറിയിലെ യൂണിയനുകൾ ആദ്യം മൗനം പാലിച്ചു. അത് കൈമാറ്റത്തിന് കളമൊരുക്കി.
കരാർ ഇങ്ങനെ
വാട്ടർ അതോറിട്ടി എം.ഡിയും കെ.ഐ.ഐ.ഡി.സി ചീഫ് എക്സിക്യൂട്ടീവും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം ഫാക്ടറിയും വെള്ളവും വാട്ടർ അതോറിട്ടി നൽകും. ഒരു നിശ്ചിത ലാഭവിഹിതം കെ.ഐ.ഐ.ഡി.സി വാട്ടർ അതോറിട്ടിക്ക് നൽകണം. കെ.ഐ.ഐ.ഡി.സി പിന്നെ ചുവട് മാറ്റി. ലാഭം നൽകാനാവില്ലെന്നായി ആദ്യം. പ്രവർത്തന മൂലധനമായി സർക്കാർ 2 കോടി നൽകണമെന്നായി അടുത്ത ആവശ്യം. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ പണം നൽകാനാവില്ലെന്നാണ് സർക്കാർ നിലപാട്.
2019 സെപ്തംബർ 5 ലെ വാട്ടർ അതോറിട്ടി ഡയറക്ടർ ബോർഡ് യോഗമാണ് പ്ളാന്റ് കൈമാറിയത്
''ഒരു വർഷം കഴിഞ്ഞിട്ടും കുപ്പിവെള്ളം പുറത്തിറക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്ളാന്റ് വാട്ടർ അതോറിട്ടിയെ തിരിച്ചേൽപ്പിക്കണം.
-എം.എം.ജോർജ്,
വർക്കിംഗ് പ്രസിഡന്റ്,
വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയൻ (എ.എെ.ടി.യു.സി)