
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ അന്ത്യഘട്ടത്തിലേക്കു കടക്കുകയാണ്. ആദ്യ രണ്ടുഘട്ട അലോട്ട്‌മെന്റ്പൂർത്തിയായപ്പോൾത്തന്നെ സീറ്റുകൾ ഏതാണ്ട് നിറഞ്ഞു കഴിഞ്ഞു. കേവലം 682 സീറ്റുകളാണ് ഇനി ഒഴിവുള്ളത്. ഇതിനർത്ഥം അപേക്ഷിച്ചവർക്കെല്ലാം സീറ്റ് ലഭിച്ചുവെന്നല്ല. 2,80,522 സീറ്റുകളാണ് ഏകജാലക പ്രവേശനത്തിനായി ഉണ്ടായിരുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതപഠനത്തിന് അർഹത നേടി വിജയികളായവരുടെ സംഖ്യ നാലര ലക്ഷത്തിൽപ്പരമായിരുന്നു എന്നോർക്കണം. പ്ളസ് വണ്ണിന് അപേക്ഷ നൽകിയവർ 4.76 ലക്ഷം കുട്ടികളാണ്. സർക്കാർ - എയ്‌ഡഡ് സ്കൂളുകളിലായി 2.80 ലക്ഷം സീറ്റുകളുള്ളതിലാണ് പ്രവേശനം നടന്നത്. ശേഷിക്കുന്ന കുട്ടികളിൽ കുറെയധികം പേർ സി.ബി.എസ്.ഇ സ്‌കൂളുകളിൽ ചേരും. അവിടെയും പ്രവേശനം ലഭിക്കാത്തവർ സീറ്റിനായി അലഞ്ഞലഞ്ഞ് ഒടുവിൽ പാരലൽ പഠനകേന്ദ്രങ്ങളിൽ ആശ്വാസം കണ്ടെത്തും. യാതൊരു അടിസ്ഥാനവുമില്ലാതെ വിജയ ശതമാനം ഉയർത്തിക്കൊണ്ടുപോകുന്ന പ്രവണത തുടരുന്നതുകൊണ്ട് സംഭവിക്കുന്ന ദുര്യോഗമാണിത്. വിജയ ശതമാനം വർദ്ധിക്കുന്നതിനനുസരിച്ച് പ്ളസ് വൺ സീറ്റുകൾ വർദ്ധിക്കുന്നില്ല. അതിനു തക്ക അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകുന്നില്ല. ഓരോ വർഷവും നിശ്ചിത ശതമാനം സീറ്റുകൾ വർദ്ധിപ്പിച്ച് മുട്ടുശാന്തി തേടുന്ന ഞാണിന്മേൽ കളിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
പതിവിൽ നിന്നു വ്യത്യസ്തമായി ഈ വർഷം അലോട്ട്‌മെന്റ് നടപടികളിൽ വരുത്തിയ ഒരു മാറ്റം ഇഷ്‌ടവിഷയവും ഇഷ്ട സ്കൂളും തിരഞ്ഞെടുക്കാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതായി. സാധാരണ മുഖ്യ അലോട്ട്‌മെന്റുകൾക്കു ശേഷം സ്കൂളും വിഷയവും തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകിയിരുന്നു. ഇതിനുള്ള നടപടികൾ പൂർത്തിയായ ശേഷമാണ് മുൻ വർഷങ്ങളിൽ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ നടന്നുവന്നത്. ഉയർന്ന മാർക്ക് നേടിയിട്ടും ഇഷ്ടപ്പെടാത്ത വിഷയത്തിൽ പ്രവേശനം നേടേണ്ടി വന്ന കുട്ടികൾ നിരവധി ഉണ്ടാകും. അതുപോലെ തങ്ങൾ ആഗ്രഹിച്ച സ്കൂളും ആദ്യ അലോട്ട്‌മെന്റുകളിൽ ലഭിക്കണമെന്നില്ല. ഇങ്ങനെയുള്ള കുട്ടികൾക്കു വേണ്ടിയാണ് മുഖ്യ അലോട്ട്‌മെന്റുകൾക്കു ശേഷം വിഷയവും സ്കൂളും മാറാനുള്ള ഓപ്‌ഷൻ നൽകാനുള്ള അവസരമൊരുക്കിയിരുന്നത്. ഇത്തവണയാകട്ടെ സപ്ളിമെന്ററി അലോട്ട്‌മെന്റിനും ശേഷം മതി ഇതിനുള്ള അവസരമെന്നാണ് തീരുമാനം. പ്രവേശനം ലഭിച്ച കുട്ടികൾക്ക് നേരത്തെ സ്കൂളിൽ ചേർന്ന ശേഷം വിഷയവും സ്കൂളും മാറാൻ കഴിയുമായിരുന്നു. ഇക്കുറി ഏകജാലകം വഴി പ്രവേശനം മാത്രമാണ് പൂർത്തിയാകുന്നത്. സ്കൂളുകൾ തുറക്കാത്തതിനാൽ സ്കൂൾ വഴിയുള്ള മാറ്റങ്ങൾക്ക് അവസരവും ഇല്ലാതായി. മിടുക്കരായ ഒട്ടനവധി കുട്ടികൾക്ക് തങ്ങൾ ആഗ്രഹിക്കുന്ന സ്കൂളിൽ ചേർന്ന് ഇഷ്ട വിഷയം പഠിക്കാനുള്ള സാദ്ധ്യതയാണ് പ്രവേശന നടപടിക്രമത്തിൽ കൊണ്ടുവന്ന പുതിയ പരിഷ്‌കാരം കൊണ്ട് ഇല്ലാതായിരിക്കുന്നത്. സപ്ളിമെന്ററി അലോട്ട്‌മെന്റിലൂടെ പ്രവേശനം ലഭിക്കുന്ന കുട്ടികൾക്കായിരിക്കും താരതമ്യേന മെച്ചപ്പെട്ട വിഷയങ്ങൾക്കു ചേരാൻ ഇത്തവണ കൂടുതൽ അവസരമുണ്ടാകുന്നത്. മെരിറ്റ് പട്ടികയിൽ ഉയർന്ന പടവിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ മാറ്റങ്ങൾ വലിയ മനസ്താപത്തിനു കാരണമായിരിക്കുകയാണ്. പ്രവേശന നടപടി തുടങ്ങിക്കഴിഞ്ഞാൽ സാധാരണഗതിയിൽ പ്രഖ്യാപിത നടപടിക്രമങ്ങളിൽ മാറ്റം വരുത്താറില്ല. അങ്ങനെ ഉദ്ദേശ്യമുണ്ടെങ്കിൽ വിവരം നേരത്തെ വിജ്ഞാപനം ചെയ്യേണ്ടതാണ്. അതു ചെയ്യാതെ ഏകപക്ഷീയമായി വരുത്തുന്ന നടപടിക്രമങ്ങളിലെ മാറ്റം സ്വാഭാവിക നീതിക്കു നിരക്കുന്നതല്ല.
പ്ല്സ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് നിരന്തരം ഉയരുന്ന ആക്ഷേപങ്ങൾക്ക് കൃത്യമായ പരിഹാരമുണ്ടാക്കുന്നതിന് കാര്യമായ ശ്രമങ്ങൾ ഉണ്ടാകുന്നില്ല. പ്രവേശനഘട്ടം അടുക്കുമ്പോൾ ധൃതിപിടിച്ച് തീരുമാനമെടുത്തു നടപ്പാക്കുന്ന നടപടികളാണ് കണ്ടുവരുന്നത്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഹാജരാകുന്ന കുട്ടികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പക്കലുണ്ട്. പരീക്ഷയിൽ വിജയ ശതമാനം തൊണ്ണൂറ്റഞ്ചു ശതമാനത്തിനു മുകളിലായിരിക്കുമെന്നതും മുൻ വർഷത്തെ കണക്കുവഴി അറിയാം. പ്ളസ് വൺ സീറ്റുകൾ എത്ര വരുമെന്നും കണക്കുണ്ട്. ഉന്നത പഠന യോഗ്യതാ സർട്ടിഫിക്കറ്റുമായി പുറത്തുവരുന്ന കുട്ടികൾക്ക് പഠനസൗകര്യമൊരുക്കാൻ സർക്കാർ ബാദ്ധ്യസ്ഥമാണ്. മുൻ വർഷങ്ങളിലെ സ്ഥിതിവിവരങ്ങൾ പഠിച്ച് കാലേകൂട്ടി സീറ്റ് വർദ്ധന ഉറപ്പാക്കുകയാണെങ്കിൽ പ്രവേശന സമയത്തെ ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വവും ഒഴിവാക്കാനാകും. പ്ളസ് ടു തലത്തിൽ മാത്രമല്ല ബിരുദ - ബിരുദാനന്തര തലത്തിലും ഇതിനുള്ള ആസൂത്രണവും തുടർ നടപടികളും ഉണ്ടാകണം. പ്ളസ് ടു വിജയശതമാനവുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നതല്ല സംസ്ഥാനത്ത് ബിരുദ കോഴ്സുകളുടെ സീറ്റുകൾ. സർവകലാശാലകൾ നിരവധിയുണ്ടെങ്കിലും കുട്ടികളുടെ പഠന സാദ്ധ്യതകളും ആവശ്യങ്ങളും മുൻകൂട്ടി കാണാൻ അവയ്ക്കു കഴിയുന്നില്ല. സാധാരണ ഗതിയിൽ അനവധി കുട്ടികൾ അന്യസംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് പോവുകയായിരുന്നു പതിവ്. ഇത്തവണ കൊവിഡ് മഹാമാരി പലരെയും ഇതിൽനിന്നു പിന്തിരിപ്പിക്കുകയാണ്. അത്രയും പേർക്കു കൂടി ഉപരിപഠനാവസരം പ്രദാനം ചെയ്യേണ്ട ചുമതല സർക്കാരിൽ വന്നുചേർന്നിരിക്കുന്നു.
മറ്റ് മേഖലകളിലെന്ന പോലെ മഹാമാരി വിദ്യാഭ്യാസ മേഖലയെയും നിശ്ചലമാക്കുകയുണ്ടായി. വിദ്യാലയങ്ങളും കലാലയങ്ങളും എന്നത്തേക്കു തുറക്കാൻ കഴിയുമെന്ന് ഇപ്പോഴും പറയാറായിട്ടില്ല. ഒക്ടോബർ 15- നു ശേഷം ഘട്ടംഘട്ടമായി അദ്ധ്യയനം പുനരാരംഭിക്കുന്നതിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്കു വിട്ടിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം കൊവിഡ് വ്യാപനം ഇപ്പോൾ പാരമ്യഘട്ടത്തിലായതിനാൽ സ്കൂളുകളും കലാലയങ്ങളും തുറക്കുന്ന കാര്യം ആലോചിക്കാൻ പോലുമാകാത്ത സ്ഥിതിയിലാണ്.