തിരുവനന്തപുരം: നഗരത്തിലെ ആദ്യ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉദ്ഘാടനം ചെയ്‌തു. നഗരത്തിലെ വാഹന പാർക്കിംഗ് ബുദ്ധിമുട്ടിന് ഈ പദ്ധതിയോടുകൂടി വിരാമമാകുമെന്നും 5 പാർക്കിംഗ് സംവിധാനങ്ങൾ നഗരത്തിൽ സജ്ജീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാളയം എ ബ്ലോക്കിലെ മൾട്ടി ലെവൽ കാർ പാർക്കിംഗിന്റെ ശിലാസ്ഥാപനവും നഗരസഭയിലെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുടെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. നഗരസഭയിലെ പുതിയകവാടം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മന്ത്രി എ.സി. മൊയ്‌തീൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി. സുധാകരൻ മുഖ്യാതിഥിയായിരുന്നു. മേയർ കെ. ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പാളയം രാജൻ, പുഷ്പലത, സിന്ധു, ഐ.പി. ബിനു, നഗരസഭ സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവർ പങ്കെടുത്തു.
പാർക്കിംഗ് ദുരിതത്തിന് പരിഹാരം
തലസ്ഥാന നഗരയിലെ തിരക്കും വാഹന പാർക്കിംഗ് പ്രശ്‌നവും നഗരസഭയ്ക്കും പൊലീസിനും വലിയ തലവേദനയായിരുന്നു. ഇതിന് പരിഹാരമായാണ് നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള ഈ സംവിധാനം ഏർപ്പെടുത്തിയത്. അമൃതം, സ്‌മാർട്ട് സിറ്റി പദ്ധതികളിലൂടെയാണ് നഗരത്തിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനങ്ങൾ സ്ഥാപിക്കുന്നത്.
നാലിടത്ത് കൂടി മൾട്ടിലെവൽ
കാർ പാർക്കിംഗ്
1. പാളയം
--------------------
മാർക്കറ്റിന്റെയും ചുറ്റുമുള്ള വാണിജ്യ മേഖലകളുടെയും പാർക്കിംഗ് ആവശ്യത്തിനുള്ള പരിഹാരമാണ് ഇലക്ട്രോ മെക്കാനിക്കൽ മൾട്ടി ലെവൽ പാർക്കിംഗ്. സാഫല്യം കോംപ്ലക്‌സിന് പിറകിലാണ് ഇത് നിർമിക്കുന്നത്. ഏഴ് നിലകളുള്ള ഇവിടെ 568 കാറും 270 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം. 32.99 കോടി ചെലവിലാണ് നിർമാണം.
2. തമ്പാനൂർ
------------------
തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള കോർപറേഷന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് മൾട്ടി ലെവൽ പാർക്കിംഗ് വരുന്നത്. 6000 ചതുരശ്ര അടിയിലാണ് നിർമാണം. 22 കാറുകളും 400 ബൈക്കും പാർക്ക് ചെയ്യാം. 22.9 കോടിയാണ് ചെലവ്.
3. പുത്തരിക്കണ്ടം
--------------------------
പുത്തരിക്കണ്ടം മൈതാനത്ത് 12 കോടി രൂപ മുടക്കിലാണ് സംവിധാനം. 210 കാർ,
240 ബൈക്ക് എന്നിവ പാർക്ക് ചെയ്യാനുള്ള സൗകര്യം
4. മെഡിക്കൽ കോളേജ്
-----------------------------------
മെഡിക്കൽ കോളേജിൽ 11 കോടി രൂപ ചെലവിൽ 202
കാർ പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കും
നിരക്ക് പിന്നീട് - മേയർ
നഗരസഭാ അങ്കണത്തിലെ പാർക്കിംഗ് സംവിധാനത്തിന്റെ പ്രവർത്തനം തുടങ്ങുന്നത് സംബന്ധിച്ചും നിരക്കും അടുത്ത നഗരസഭ കൗൺസിലിൽ ബൈലാ തയ്യാറാക്കി പാസാക്കിയ ശേഷം തീരുമാനിക്കുമെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു.