
എറണാകുളത്ത് തുടങ്ങിയ ദൃശ്യം 2 ന്റെ ചിത്രീകരണം തൊടുപുഴയിലേക്ക് മാറ്റിയിട്ട് അഞ്ച് ദിവസം പിന്നിടുകയാണ്. തൊടുപുഴയിൽ ഷൂട്ടിംഗ് തുടങ്ങിയ ദിവസംതന്നെ മീന സിനിമയിൽ ജോയിൻ ചെയ്തിരുന്നു. കഴിഞ്ഞദിവസം ഹൻസിബയും എസ്തറും കൂടെ ലൊക്കേഷനിലെത്തിയതോടെ ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ ദൃശ്യം തെളിഞ്ഞിരിക്കുകയാണ്. ജോർജ്കുട്ടിയുടെ ഇപ്പോഴത്തെ കുടുംബചിത്രമാണ് ചർച്ചാവിഷയം സംവിധായകൻ ജിത്തു ജോസഫാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലും മീനയുമടക്കം സംവിധായകനൊപ്പം നിൽക്കുന്ന ചിത്രമാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഏഴ് വർഷം മുമ്പ് ദൃശ്യത്തിലെ ജോർജുകുട്ടിയേയും ഭാര്യ റാണി ജോർജിനേയും മക്കളായ അഞ്ജു ജോർജിനേയും അനു ജോർജിനെയും ആദ്യം കണ്ടതിൽ നിന്ന് വലിയ വ്യത്യാസങ്ങളൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. കാലം വരുത്തിയ ചില രൂപഭേദങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാം പഴയതുപോലെ തന്നെ. അടുത്തിടെ മീന ശരീരഭാരം വളരെ കുറച്ചിരുന്നു. എന്നിട്ടും കാരക്ടറൈസേഷനിൽ അതിന്റെ മാറ്റങ്ങൾ പ്രകടമല്ല. ദൃശ്യത്തിന്റെ ആദ്യഭാഗത്ത് ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും സന്തോഷകരമായ ജീവിതത്തിലേക്ക് വരുൺ പ്രഭാകർ കടന്നുവന്നതിനുശേഷമാണ് കഥാഗതി മാറിമറിയുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിൽ ജോർജുകുട്ടിയും കുടുംബവും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളിലൂടെയാണ് കഥാഗതി വളരുന്നത്. എന്നാൽ ചിത്രത്തിന്റെ പരിസമാപ്തി എങ്ങനെയായിരിക്കുമെന്ന കാത്തിരിപ്പിലാണ് സിനിമാലോകവും ആരാധകരും.