കിളിമാനൂർ: കൊവിഡ് കാരണം കല്യാണ മാമാങ്കങ്ങൾ ഉപേക്ഷിച്ചതോടെ പട്ടിണിയുടെ വക്കിലായ പാചക തൊഴിലാളികൾക്ക് തുലാമാസം നൽകുന്നത് ഏറെ പ്രതീക്ഷകൾ. കാറ്ററിംഗ് സർവീസിന്റെ അടുക്കളകൾ ഇപ്പോൾ തീപുകയാത്ത പുരയായിമാറിയിരിക്കുന്ന അവസ്ഥയിലാണ്. എന്നാൽ തുലാം ആകുന്നതോടെ വിവാഹങ്ങൾ ആൾക്കൂട്ടത്തോടെ നടത്താനാകുമെന്ന പ്രതീക്ഷയിലാണിവർ. ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നൂറാക്കി ഉയർത്തിയതോടെ ഓഡിറ്റോറിയങ്ങളിലും വീടുകളിലും നിശ്ചയിച്ചിരിക്കുന്ന വിവാഹങ്ങൾക്കായി ഭക്ഷണം ഉണ്ടാക്കുന്നതിന് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. 350പേർക്കുള്ള വിഭവങ്ങൾ തയാറാക്കാനുള്ള ഓർഡർ വരുന്നുണ്ടെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. അമ്പതോ നൂറോ പേർക്കുള്ള വിഭവങ്ങൾ തയാറാക്കുന്നത് നഷ്ടക്കച്ചവടമാണെന്നും ഇവർ പറയുന്നു. ആയിരം പേരുടെ സദ്യവട്ടങ്ങൾ തയാറാക്കുമ്പോൾ ചുരുങ്ങിയത് നാല്പത് പേർക്കാണ് കാറ്ററിംഗുമായി ബന്ധപ്പെട്ട് ജോലി ലഭിക്കുന്നത്. പാചകക്കാർ മുതൽ വിളമ്പുകാർ വരെയുള്ള വിഭാഗത്തിന് പ്രതിദിനം 400 മുതൽ 600 രൂപ വരെ ലഭിക്കുമായിരുന്നു. ആൾക്കാരെ ചുരുക്കുന്നതോടെ കാറ്ററിംഗ് ജോലിക്കാരുടെ എണ്ണവും 10 മുതൽ 15 വരെയായി ചുരുങ്ങും. ഇതുകാരണം കാറ്ററിംഗ് ജോലി ചെയ്തിരുന്ന ഭൂരിഭാഗം പേരും മറ്റ് തൊഴിലിടങ്ങളിലേക്ക് മാറി. നൂറു പേർക്കുള്ള ആഹാരം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ വിവാഹ പാർട്ടിക്കാരെ ആകർഷിക്കാനുള്ള പാക്കേജ് തന്നെ ചില ഓഡിറ്റോറിയങ്ങൾ നൽകുന്നുണ്ട്. കൂടുതൽ സീറ്റുള്ള ഓഡിറ്റോറിയങ്ങളിൽ ഘട്ടം ഘട്ടമായി കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചാൽ കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.