cpm

തിരുവനന്തപുരം: തൃശൂർ പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ബി.ജെ.പി സംഘം കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് പാർട്ടി ബ്രാഞ്ച്തലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. കൊലപാതകികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട സനൂപ് കൂലിപ്പണിയെടുത്താണ് ജീവിച്ചിരുന്നത്. രണ്ട് മാസത്തിനുള്ളിൽ കൊല്ലപ്പെടുന്ന നാലാമത്തെ സി.പി.എം പ്രവർത്തകനാണ്. കായംകുളത്തും വെഞ്ഞാറമൂടും കോൺഗ്രസാണ് കൊലപാതകത്തിന് നേതൃത്വം നൽകിയതെങ്കിൽ ഇവിടെ ബി.ജെ.പിയാണ് പ്രതിസ്ഥാനത്ത്. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനും ക്രമസമാധാനം തകർക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചന ഈ സംഭവങ്ങളുടെ പുറകിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തുടർച്ചയായി പാർട്ടി പ്രവർത്തകരെ കൊലപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനാണ് ഈ സംഘം ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞ് സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സംഘടിപ്പിക്കണം. ബി.ജെ.പി- കോൺഗ്രസ് കൂട്ടുകെട്ടിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്നും സി.പി.എം സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.