
വർക്കല: കായികപ്രേമികളുടെ ചിരകാലസ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. ഇടവ ഗ്രാമപഞ്ചായത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു അന്താരാഷ്ട്ര ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരം ജില്ലയിൽ ഇടവ ഗ്രാമപഞ്ചായത്തിൽ സ്റ്റേഡിയം ഒരുങ്ങുന്നത്.
സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെയും തറയുടെയും ജോലികൾ ചെയ്യാനുണ്ട്. ഗ്യാലറിയുടെ പണി അവസാനഘട്ടത്തിലാണ്. സിമ്മിംഗ് പൂളിന്റെ 75 ശതമാനം ജോലികൾ ഇതിനോടകം പൂർത്തിയായി. ഫുട്ബാൾ ഗ്രൗണ്ടിന്റെ പണികൾ പുരോഗമിക്കുകയാണ്.
1987ലാണ് ഇടവ പഞ്ചായത്ത് കേന്ദ്രീകരിച്ച് ജനകീയസമിതി രൂപീകരിച്ച് പ്രവാസികളുടെ സഹായ സഹകരണത്തോടെ 6 ഏക്കറോളം സ്ഥലം വാങ്ങി ഇടവ ഗ്രാമപഞ്ചായത്തിന് കൈമാറിയത്.
2004 ൽ ഗ്രാമപഞ്ചായത്ത് സ്ഥലം സ്പോർട്സ് കൗൺസിലിന് കൈമാറി. അവർ 400 മീറ്റർ ട്രാക്കും ഡ്രസിംഗ് റൂമും അനുബന്ധമായി ഓഫീസ് കെട്ടിടവും നിർമ്മിച്ചു. എന്നാൽ പിന്നീടുള്ള 15 വർഷം മറ്റ് വികസനങ്ങൾ ഒന്നും ഇവിടെ നടന്നില്ല. മാറിമാറിവന്ന സർക്കാരുകളും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളും സ്പോർട്സ് കൗൺസിലും ഇടവ സ്റ്റേഡിയത്തെ നവീകരിക്കുന്നതിനോ കായികപ്രേമികളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നതിനോ യാതൊരുവിധ നടപടികളും എടുത്തിരുന്നില്ല.
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അഡ്വ. വി. ജോയി എം.എൽ.എ ഇടവയിലെ അനാഥമായിക്കിടന്ന കളിക്കളം സന്ദർശിക്കുകയും തുടർന്ന് മുഖ്യമന്ത്രിക്കും സ്പോർട്സ് വകുപ്പ് മന്ത്രിക്കും നിവേദനങ്ങൾ നൽകുകയും ചെയ്തതിനെ തുടർന്നാണ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഇവിടം തിരഞ്ഞെടുത്തത്.
സ്റ്റേഡിയം പൂർത്തിയാകുമ്പോൾ സംസ്ഥാന ജില്ല, താലൂക്ക് തല മത്സരങ്ങളും സ്കൂൾ-കോളേജ് കായികമേളകളും നടത്താനാകും. മാത്രവുമല്ല പുതുതലമുറയ്ക്ക് കായിക പരിശീലനത്തിന് ഏറെ ഉപകാരപ്രദമാവുകയും ചെയ്യും.