chennithala

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും നിശ്ചയമില്ലാത്ത ഗുരുതരമായ പ്രതിസന്ധിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു.

രോഗികൾ ചികിത്സ കിട്ടാതെ പുഴുവരിച്ച് കഷ്ടപ്പെടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ മൃതദേഹം മാറിപ്പോയി. ആംബുലൻസിൽ ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെടുകയും മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി തൂങ്ങിമരിക്കുകയും ചെയ്യുന്നു.പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതിന് പകരം സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു.
കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. കൊവിഡ് രോഗികൾ അവഗണന അനുഭവിക്കുകയാണ്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഇരട്ടക്കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ ഇതുവരെ നടപടിയെടുത്തില്ല. ഗുരുതരാവസ്ഥ നിലനിൽക്കുമ്പോഴും ഉദ്ഘാടന മഹാമഹങ്ങളിലാണ് സർക്കാരിന്റെ ശ്രദ്ധ.മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിക്കാനിടയാക്കിയ കാര്യങ്ങളെന്തെന്ന് കണ്ടെത്തണം. കൊവിഡ് ബാധിതരല്ലാത്ത രോഗികൾക്ക് ഒരിടത്തും രക്ഷയില്ല. വെന്റിലേറ്ററോ ഐ.സി.യുവോ അടക്കമുള്ള ഒരടിസ്ഥാനസൗകര്യവും ആശുപത്രികളിലില്ല. ഇതൊന്നും ശ്രദ്ധിക്കാൻ മുഖ്യമന്ത്രിയില്ല. ആരോഗ്യമന്ത്രിയെ കാണാനേയില്ലെന്നും ചെന്നിത്തല പറഞ്ഞു..

 ഐ ഫോൺ വിവാദം: നിയമപോരാട്ടം തുടരും

യു.എ.ഇ കോൺസുലേറ്റിൽ നിന്ന് വിതരണം ചെയ്ത ഐ ഫോണുകൾ ആരുടെ കൈകളിലെത്തിയെന്നത് പുറത്തുകൊണ്ടുവരാൻ അവസാനം വരെയും പോരാട്ടം തുടരുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

ഈ സംഭവത്തിന്റെ തിരക്കഥ കോടിയേരി ബാലകൃഷ്ണന്റേതാണ്. മൂന്ന് ഫോണുകൾ ആരുടെ കൈയിലാണെന്നിപ്പോൾ വെളിവായിട്ടുണ്ട്. ബാക്കിയുള്ളവയുടെ കാര്യവും താൻ തെളിയിക്കും. ഡി.ജി.പിക്ക് പരാതി നൽകിയപ്പോൾ കേസുണ്ടെങ്കിലേ സർവ്വീസ് പ്രൊവൈഡർക്ക് വിശദാംശങ്ങൾ നൽകാനാകൂവെന്നാണ് പറഞ്ഞത്. അതിനാൽ നിയമപരമായ നടപടികൾ സ്വീകരിച്ചു വരുകയാണ്.
തൃശൂരിൽ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാർ ആരായാലും അവർക്കെതിരെ കർശനനടപടി വേണം- ചെന്നിത്തല പറഞ്ഞു.