തിരുവനന്തപുരം: സവർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 11 ഓടെയാണ് മുന്നറിയിപ്പില്ലാതെ യുവമോർച്ചാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലെത്തി മതിൽ ചാടിക്കടന്നത്. സമരങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ കൂടുതൽ പൊലീസുകാരെ സെക്രട്ടേറിയറ്റ് പരിസരത്ത് വിന്യസിച്ചിരുന്നില്ല. പ്രവർത്തകർ സെക്രട്ടേറിയറ്റ് കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച് അഞ്ച് മിനിട്ടോളം മുദ്രാവാക്യം വിളിച്ചു. ഇതിന് ശേഷമാണ് പൊലീസെത്തി ഇവരെ ബലം പ്രയോഗിച്ച് നീക്കിയത്. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു,ജില്ലാ ട്രഷറർ അനൂപ്,പാറശാല നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ എന്നിവരാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് മതിൽ ചാടിക്കടന്നത്. അറസ്റ്റ് ചെയ്ത ഇവരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി. അതീവ സുരക്ഷാമേഖലയിലുള്ള സെക്രട്ടേറിയറ്റിനുള്ളിൽ അതിക്രമിച്ച് കയറിയത് പൊലീസിന്റെ ശ്രദ്ധക്കുറവ് മൂലമാണെന്നും സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്നും ആരോപണം ഉയർന്നിട്ടുണ്ട്.