
പാലോട്: നന്ദിയോട് പഞ്ചായത്തിലെ ആലംപാറ-മുത്തുകാവ് റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായിട്ടും യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ പഞ്ചായത്ത് തയ്യാറാകുന്നില്ല എന്ന ആക്ഷേപം ശക്തമായി. നാല് വർഷമായി തകർന്ന റോഡിന് 15 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചെങ്കിലും യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നാളിതുവരെ നടന്നിട്ടില്ല. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ സമരപരമ്പരകൾ അരങ്ങേറിയെങ്കിലും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. തകർന്ന റോഡിന്റെ ദുരിതം അധികാരികളോട് സംസാരിച്ചാൽ മഴ മാറിയാൽ പണി തുടങ്ങും എന്ന സ്ഥിരം പല്ലവിയാണ് പറയുന്നത്. മഴക്കാലങ്ങൾ ധാരാളം കഴിഞ്ഞു പോയെങ്കിലും റോഡ് ഇന്നും തഥൈവ. എസ്.എൻ.സി.പിയുടെ നിയന്ത്രണത്തിലുള്ള പ്രധാന ദേവീക്ഷേത്രമായ ആലംപാറ ക്ഷേത്രവും പാലുവള്ളി പേരയം മേഖലകളെ ബന്ധിപ്പിക്കുന്നതുമായ പ്രധാന റോഡിനാണ് ഈ ദുർഗതി.