
തിരുവനന്തപുരം: സംസ്ഥാനത്തെ എൻ.എഫ്.എസ്.എ ഗോഡൗണുകൾ, റേഷൻ കടകൾ കേന്ദ്രീകരിച്ച് വൻതോതിൽ അരിക്കടത്ത് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ സിവിൽ സപ്ലൈസ് ഡയറക്ടറേറ്റ് നൽകിയ നിർദേശം ഉദ്യോഗസ്ഥർ തന്നെ അട്ടിമറിച്ചു. തിരുവനന്തപുരത്തെ ഒരു റേഷൻ കടയിൽ മാത്രമാണ് മിന്നൽ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയത്. വയനാട്ടിലെ വൻതട്ടിപ്പ് പിടികൂടിയത് നാട്ടുകാരായിരുന്നു. ഈ സംഭവത്തിൽ പങ്കുള്ള ഉദ്യോഗസ്ഥരെ ശിക്ഷാനടപടിയിൽ നിന്നു ഒഴിവാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
വള്ളക്കടവിലെ ഒരു റേഷൻ കടയിൽ
കണക്കിൽപ്പെടാതെ സൂക്ഷിച്ചിരുന്ന 50 കിലോ കടലയും അരിയും ഗോതമ്പും ഉൾപ്പെടെ 450 കിലോ ഭക്ഷ്യധാന്യങ്ങൾ സെപ്തംബർ 30ന് സിവിൽ സപ്ലൈസ് വിജിൻലൻസ് വിഭാഗം പിടിച്ചെടുത്തിരുന്നു. സമാനരീതിയിൽ തട്ടിപ്പ് മറ്റ് ജില്ലകളിലും നടക്കാൻ സാദ്ധ്യതയുള്ളതിനാൽ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തണമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി.കുമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല.
അതിനിടെയാണ് വയനാട് മാനന്തവാടിയിലെ റേഷനരി കടത്ത് നാട്ടുകാർ കണ്ടെത്തിയത്. ബന്ധപ്പെട്ട ഡിപ്പോ മാനേജരെയും ഓഫീസ് ഇൻ ചാർജിനെയും സസ്പെൻഡു ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഭക്ഷ്യകമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ സപ്ളൈസ് ഡയറക്ടറോട് മന്ത്രി തിലോത്തമൻ ആവശ്യപ്പെടുകയും ചെയ്തു.