bineesh-kodiyeri

തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷ് കോടിയേരി ബംഗളൂരുവിലെത്തി. സഹോദരൻ ബിനോയിക്കും രണ്ട് സുഹൃത്തുക്കൾക്കും ഒപ്പമാണെത്തിയത്. ഇന്ന് രാവിലെ 11 ന് ബംഗ‌ളൂരു ശാന്തിനഗറിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.

ബംഗളൂരു ലഹരിമരുന്ന് കേസ് പ്രതികളുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരങ്ങളാണ് ഇ.ഡി തേടുന്നത്. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മൂന്ന് പേരുമായി ബിനീഷിന് ബന്ധമുണ്ടെന്നാണ് ഇ.ഡി പറയുന്നത്.

ലഹരിമരുന്ന് കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത എറണാകുളം വെണ്ണല സ്വദേശി അനൂപ് മുഹമ്മദാണ് ബിനീഷുമായുള്ള സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തിയത്. ബംഗളൂരുവിലെ ഹോട്ടൽ ബിസിനസിൽ വലിയ തുക നൽകിയതായുള്ള അനൂപിന്റെ വെളിപ്പെടുത്തൽ ബിനീഷ് സ്ഥിരീകരിച്ചെങ്കിലും, അനൂപിന്റെ ലഹരി ഇടപാടുകളെക്കുറുച്ച് അറിയില്ലെന്നായിരുന്നു നിലപാട്. പ്രതികളായ അനൂപ്മുഹമ്മദ്, റിജേഷ് രവീന്ദ്രൻ, അനിഖ എന്നിവരെ ജയിലിൽ ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്തിന് ലഹരി മാഫിയ സാമ്പത്തിക നിക്ഷേപം നടത്തിയതായി സംശയിക്കുന്നുവെന്ന് എൻ.സി.ബി റിപ്പോർട്ട് നൽകിയതോടെ, എൻഫോഴ്സ്‌മെന്റ് കൊച്ചി യൂണിറ്റ് ബിനീഷിനെ പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സ്വന്തം കമ്പനികളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് ബിനീഷിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. കള്ളപ്പണം വെളുപ്പിക്കൽ ത‌ടയൽ നിയമപ്രകാരം ബിനീഷിന്റെ സ്വത്തുവിവരങ്ങൾ കൈമാറാൻ രജിസ്ട്രേഷൻ ഐ.ജിക്ക് ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ അന്വേഷണം പൂർത്തിയാകുംവരെ ബിനീഷിന്റെ ആസ്തികൾ കൈമാറ്റം ചെയ്യാൻ അനുവദിക്കരുതെന്ന് രജിസ്ട്രേഷൻ ഐ.ജിയോടും നിർദ്ദേശിച്ചിട്ടുണ്ട്.

കമ്മനഹള്ളിയിൽ കേരളാ ഹോട്ടൽ തുറക്കാൻ സാമ്പത്തികമായി സഹായിച്ചത് ബിനീഷാണെന്ന അനൂപിന്റെ മൊഴി എൻ.സി.ബി ബംഗളൂരുവിലെ കോടതിയിലും ഹാജരാക്കിയിട്ടുണ്ട്. സ്വർണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന് ബംഗളൂരുവിലെ കോറമംഗലയിൽ ഒളിത്താവളമൊരുക്കിയത് ബിനീഷിന്റെ സുഹൃത്ത് അനൂപാണെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.