tunnel

കോഴിക്കോട്: താമരശേരി ചുരം ഒഴിവാക്കി കോഴിക്കോട് - വയനാട് യാത്ര സുഗമാക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത മൂന്നു വർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.

വനമേഖലയിലെ റോഡിന്റെ സൗകര്യവും പരിസ്ഥിതിലോല പ്രദേശങ്ങളും പ്രകൃതി ദുരന്ത സാദ്ധ്യതകളും വിലയിരുത്തിയാവും അന്തിമ രൂപരേഖ തയ്യാറാക്കുക. 900 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയിൽ നിന്നുള്ള 658 കോടി അനുവദിച്ചിട്ടുണ്ട്. കൂടുതൽ തുക ആവശ്യമായി വന്നാൽ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വനഭൂമിയ്ക്കടിയിലൂടെ പാറ തുരന്ന് നിർമ്മിക്കുന്ന തുരങ്കപാതയ്ക്ക് 6.8 കിലോമീറ്റർ ദൈ‌ർഘ്യം വരും.
ആനക്കാംപൊയിലിലെ സ്വർഗംകുന്ന് മുതൽ വയനാട്ടിലെ കള്ളാടി വരെ തുരങ്കപാതയും പിന്നീട് മേപ്പാടി ഭാഗത്തേക്ക് രണ്ടുവരി അനുബന്ധ റോഡുമാണ് നിർമ്മിക്കുക. പാതയുടെ തുടക്കത്തിൽ മറിപ്പുഴ ഭാഗത്ത് 70 മീറ്റർ നീളമുള്ള പാലവും നിർമ്മിക്കും.

വിശദ സാങ്കേതിക പഠനം,പദ്ധതിരേഖ തയ്യാറാക്കൽ, നിർമ്മാണം എന്നീ ചുമതലകൾ കൊങ്കൺ റെയിൽവേ കോർപറേഷനാണ്. സാങ്കേതികപഠനം പുരോഗമിക്കുകയാണ്.

കള്ളാടി മുതൽ മേപ്പാടി വരെയുള്ള ഏഴ് കിലോമീറ്റർ റോഡ് മലയോര ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പ്രവൃത്തികൾ നടന്നുവരുന്നു.

തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ വേദിയിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. മന്ത്രി എ.കെ.ശശീന്ദ്രൻ, എം.വി.ശ്രേയാംസ്‌കുമാർ എം. പി, പി.ടി. എ റഹീം എം. എൽ. എ തുടങ്ങിയവർ പങ്കെടുത്തു.