gurumandirram

വക്കം: വക്കം ഇറങ്ങുകടവിന് സമീപത്തെ ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുൻവശത്തെ ചില്ല് തകർത്ത ശേഷം അഞ്ചടി ഉയരമുള്ള നിലവിളക്കും അത് സ്ഥാപിച്ചിരുന്ന തട്ടവും മോഷ്ടിക്കുകയായിരുന്നു. വിളക്കിന് 12 കിലോ ഭാരമുണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ ഗുരുമന്ദിരത്തിന്റെ ചില്ല് തകർന്ന നിലയിൽ കണ്ട നാട്ടുകാർ കടയ്‌ക്കാവൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ വിനോദ് വിക്രമാദിത്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് ടീം അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം, ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് മാസങ്ങൾക്ക് മുമ്പ് ഇവിടെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം നടന്നിരുന്നു. ബി. സത്യൻ എം.എൽ.എ ഗുരുമന്ദിരം സന്ദർശിച്ചു. മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്ന് റൂറൽ എസ്.പിയോട് എം.എൽ.എ ആവശ്യപ്പെട്ടു. വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി, ഡി. അജയകുമാർ, വിജയകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.