
വെഞ്ഞാറമൂട്:കാരേറ്റ് -വെഞ്ഞാറമൂട് സംസ്ഥാന പാതയിൽ അമ്പലം മുക്കിൽ നിന്നും തുടങ്ങുന്ന ഗാന്ധിനഗർ കോട്ടുകുന്നം റോഡിനെ ജനപ്രതിനിധികളും അധികൃതരും കെെയൊഴിഞ്ഞിട്ട് നാളുകളേറെയായി. മണ്ഡപംകുന്ന് കോട്ടുകുന്നം വാർഡുകളുടെ അതിർത്തി പങ്കിടുന്ന ഈ റോഡിന്റെ പരിതാപകരമായ അവസ്ഥയെപ്പറ്റി പ്രദേശവാസികൾ നിരവധിതവണ ജനപ്രതിനിധികളോട് സൂചിപ്പിച്ചെങ്കിലും നാളിതുവരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. രാത്രികാലങ്ങളിലടക്കം കാൽനട യാത്രക്കാർ ധാരാളം സഞ്ചരിക്കുന്ന ഈ ഗ്രാമീണ റോഡിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് കാൽനട യാത്ര ദുസഹമാക്കുന്നു. അമ്പലംമുക്ക് ഗാന്ധിനഗർ റോഡിൽ പലഭാഗത്തും വീട് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ റോഡിന് അരികിലായി ഇറക്കിയിട്ടിരിക്കുന്നത് ഗതാഗത തടസത്തിനും വാഹനാപകടങ്ങൾക്കും കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. ഒരുമാസം മുൻപ് ഇതേ റോഡിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
അമ്പലംമുക്കിൽ നിന്നും ഗാന്ധിനഗറിലേക്കുള്ള റോഡിന് സമാന്തരമായി നിർമ്മിച്ചിരുന്ന ഓട സ്വകാര്യവ്യക്തികൾ കെെയേറി മണ്ണിട്ടുനികത്തിയിരിക്കുന്നു. ഇവിടം നീരുറവകൾ ഉള്ള പ്രദേശമായതിനാൽ ഓടയിലൂടെ ഒഴുകേണ്ട ജലം നിലവിൽ റോഡിലൂടെയാണ് ഒഴുകുന്നത്. ഇവിടങ്ങളിൽ ഇരുചക്രവാഹനയാത്രക്കാർ തെന്നി വീണ് അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു. മൂന്നുമീറ്റർ വീതിയുള്ള ടാറിംഗിന് ഇരുവശവും കാടുമൂടി കിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നുവരുമ്പോൾ കാൽനട യാത്രക്കാർ കാട്ടിനുള്ളിലേക്ക് ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽ പെടാതെ ആറ്റിങ്ങൽ ഭാഗത്തേക്ക് യാത്രചെയ്യുന്നതിന് നിരവധി വാഹനങ്ങളാണ് നിത്യേന ഈ റോഡിലൂടെ കടന്നുപോകുന്നത്.