ff

കോവളം: തലസ്ഥാനത്തിന്റെ വികസന സ്വപ്‌നപദ്ധതികളിൽ പ്രധാനപ്പെട്ട കഴക്കൂട്ടം കാരോട് ബൈപാസ് നിർമ്മാണത്തിന്റെ അവസാനഘട്ടം മന്ദഗതിയിൽ. കൊവിഡും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും പദ്ധതിയെ ബാധിച്ചെന്നാണ് വിലയിരുത്തൽ. തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും കാലാവസ്ഥ പ്രതികൂലമായതും നിർമ്മാണ സാധനങ്ങൾക്കുണ്ടായ ക്ഷാമവും പദ്ധതി വൈകാൻ കാരണമായി. പാത ഇരട്ടിപ്പിക്കലിൽ ഇപ്പോൾ കഴക്കൂട്ടം എലിവേറ്റഡ് പാത നിർമ്മാണമാണ് നടക്കുന്നത്. എലിവേറ്റഡ് ഹൈവേയിലെ പില്ലറുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. കോവളം മുതൽ കാരോട് വരെയുള്ള പാതയുടെ 30 ശതമാനത്തോളം പ്രവർത്തനങ്ങൾ ഇനിയും ബാക്കിയുണ്ട്. ഒന്നാംഘട്ടമായ കഴക്കൂട്ടം - കോവളം ബൈപ്പാസ് റോഡ് തുറന്നുകൊടുത്തെങ്കിലും ഹൃദയഭാഗമായ കാരോട് വരെയുള്ള നിർമ്മാണം പൂർത്തിയായെങ്കിൽ മാത്രമേ നിർമ്മാണം കൊണ്ട് പ്രയോജനം ലഭിക്കൂ. 2020 പകുതിയോടെ കാരോട് വരെയുള്ള നിർമ്മാണം പൂർത്തിയാകുമെന്നാണ് ഒരു വർഷം മുമ്പ് അധികൃതർ അറിയിച്ചിരുന്നത്. അതേസമയം കാഞ്ഞിരംകുളം പഞ്ചായത്തിലെ മൂന്നുമുക്ക് വാർഡിലെ കല്ലുമല ജംഗ്ഷനിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. അടുത്ത മാസം പകുതിയോടെ റോഡുപണി പൂർത്തിയാക്കി പാലത്തിന്റെ ഉദ്ഘാടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതോടെ കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

 പദ്ധതി തുക 1194 കോടി

 43 കിലോമീറ്റർ നീളം  45 മീറ്റർ വീതി

 കഴക്കൂട്ടം മുതൽ മുക്കോല വരെയുള്ള 26.5 കിലോമീറ്റർ

മുക്കോല മുതൽ കാരോട് വരെയുള്ള 16.20 കിലോമീറ്റർ

 കഴക്കൂട്ടം മുതൽ മുക്കോല വരെ
നിർമ്മാണ ചെലവ് - 700 കോടി

 മുക്കോല മുതൽ കാരോട് വരെ
നിർമ്മാണ ചെലവ് - 494 കോടി

ആദ്യ 'റിജിഡ് ' പേവ്‌മെന്റ് റോഡ്


സംസ്ഥാനത്തെ ആദ്യ റിജിഡ് പേവ്‌മെന്റ് റോഡ് (കോൺക്രീറ്റ്) ഒരുങ്ങുന്നത് മുക്കോല മുതൽ കാരോട് വരെയുള്ള 16.20 കിലോമീറ്റർ ദൂരത്താണ്. ഇന്ത്യൻ റോഡ് കോൺഗ്രസ് 2016 മാനുവലിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രകാരമാണ് കേരളത്തിൽ ആദ്യമായി റിജിഡ് പേവ്‌മെന്റ് റോഡ് നിർമ്മിക്കുന്നത്. മറ്റ് ടാർ റോഡിനെക്കാൾ ഈട് കൂടുതലും വെള്ളം തങ്ങിനിന്ന് കുഴിയുണ്ടാകില്ലെന്നതുമാണ് ഇത്തരം റോഡുകളുടെ സവിശേഷത.