
തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ വിസ സ്റ്റാമ്പിംഗ് കരാർ നേടിയ യു.എ.എഫ്.എക്സ് സൊല്യൂഷൻസ് കമ്പനിയുടെ ഡയറക്ടർ അബ്ദുൽ ലത്തീഫിനെ കസ്റ്റംസ് ചോദ്യംചെയ്തു. ബിനീഷ് കോടിയേരിക്കും സ്വപ്നാസുരേഷിനും കമ്പനിയുമായുള്ള ബന്ധമാണ് ചോദിച്ചറിഞ്ഞത്.
ബിനീഷിന്റെ ബിനാമി കമ്പനിയാണ് യു.എ.എഫ്.എക്സ് സൊല്യൂഷൻസെന്ന് ആരോപണമുയർന്നിരുന്നു. കോൺസുലേറ്റിലെ കരാർ നൽകിയതിന് യു.എ.എഫ്.എക്സ് സൊല്യൂഷൻസിൽ നിന്ന് വൻതുക തനിക്ക് കമ്മിഷൻ ലഭിച്ചതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
സ്വപ്നയുടെ താത്പര്യപ്രകാരമാണ് കമ്പനിയെ കോൺസുലേറ്റ് തിരഞ്ഞെടുത്തതെന്ന ആരോപണവും ഉയർന്നിരുന്നു. കമ്മിഷൻ നൽകിയിട്ടില്ലെന്ന് അബ്ദുൾ ലത്തീഫ് മൊഴി നൽകി. ബിനാമി ആരോപണവും തള്ളി.
നേരത്തേ ബിനീഷിനെ കൊച്ചിയിൽ ഇ.ഡി ചോദ്യംചെയ്തപ്പോഴും ഈ കമ്പനിയുമായുള്ള ഇടപാടുകൾ അന്വേഷിച്ചിരുന്നു. ബി കാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ബി.ഇ കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസെപ്‌ട്സ് എന്നീ കമ്പനികളുമായി ബിനീഷിന് ദുരൂഹബന്ധങ്ങളുണ്ടെന്നാണ് ഇ.ഡി നിഗമനം. അനധികൃത പണമിടപാടിനായി തുടങ്ങിയതാണ് കമ്പനികൾ. യു.എ.ഇ വിസ സ്റ്റാമ്പിംഗിനുള്ള കമ്പനി കേശവദാസപുരത്തെ ഹോട്ടൽ ഉടമയുടേതാണെന്നും ഇയാൾ ബിനീഷിന്റെ ബിനാമിയാണെന്ന് കരുതുന്നതായും ഇ.ഡി വ്യക്തമാക്കിയിരുന്നു.