
തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളുമായി ലയനചർച്ച സജീവമാക്കാൻ അഖിലേന്ത്യാ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പച്ചക്കൊടി കാട്ടിയെങ്കിലും ജനതാദൾ-എസ് സംസ്ഥാന ഘടകത്തിന് പാളയത്തിലെ പട തലവേദനയാകുന്നു.
ദേവഗൗഡ രൂപീകരിച്ച കോർ കമ്മിറ്റിയിലെ നാല് പേരും നാല് ചേരിയായതിന് പിന്നാലെ, പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തുള്ള പ്രമുഖന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പിളർന്ന് യു.ഡി.എഫിലേക്ക് മാറാനും നീക്കമുണ്ടെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് അടുക്കവേ, ജെ.ഡി.എസിലെ ചലനങ്ങൾ ഭരണമുന്നണിക്കും വെല്ലുവിളിയാവുന്നു.
സി.കെ.നാണു, മന്ത്രി കെ. കൃഷ്ണൻകുട്ടി, മാത്യു.ടി. തോമസ്, ഡോ.നീലലോഹിതദാസ് നാടാർ എന്നിവരാണ് കോർകമ്മിറ്റിയിൽ.
സംസ്ഥാന പ്രസിഡന്റ് സി.കെ. നാണുവിനൊപ്പമുള്ള പ്രമുഖന്റെ നേതൃത്വത്തിൽ യു.ഡി.എഫിലേക്ക് മാറുന്നത് കോൺഗ്രസ് നേതാവുമായി ചർച്ച ചെയ്‌തെന്ന പ്രചാരണം ജെ.ഡി.എസിൽ ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു മുതിർന്ന നേതാവിനെയടക്കം യു.ഡി.എഫ് ചേരിയിലേക്ക് മാറ്റാനാണത്രേ നീക്കം.
സംസ്ഥാന പാർട്ടിയിൽ നേതൃമാറ്റം വേണമെന്നും ആവശ്യമുണ്ട്. തിരുവനന്തപുരത്തും കോട്ടയത്തും സംഘടനാതർക്കങ്ങൾ തീർക്കണമെന്ന ദേവഗൗഡയുടെ നിർദ്ദേശങ്ങളൊന്നും പാലിച്ചിട്ടില്ല. ഇതിൽ ദേവഗൗഡയ്ക്കും അതൃപ്തിയുണ്ട്. തർക്കങ്ങൾക്കിടെ ഈയാഴ്ച സംസ്ഥാനസമിതി ഓൺലൈനായി വിളിക്കാൻ നാണു ശ്രമമാരംഭിച്ചു. ദേവഗൗഡ ഇടപെട്ടേ ഇനി യോഗമുണ്ടാകൂവെന്നാണ് കൃഷ്ണൻകുട്ടി വിഭാഗം പറയുന്നത്. സി.കെ.നാണു അദ്ധ്യക്ഷനായ ശേഷം ഏകപക്ഷീയമായ സംഘടനാ നടപടികളുണ്ടാകുന്നുവെന്നാണ് അവരുടെ പരാതി.
എല്ലാ ഗ്രൂപ്പുകൾക്കും അനഭിമതരായവരെയും സംഘടന വിട്ടവരെയും നാണു ഭാരവാഹികളാക്കിയെന്നും നേതൃയോഗങ്ങൾ ചേരുന്നില്ലെന്നും ആക്ഷേപമുണ്ട്. ജില്ലകളിൽ വിട്ടുനിൽക്കുന്നവരെയടക്കം സജീവമാക്കി പാർട്ടിയെ ചടുലമാക്കുന്നു എന്നാണ് നാണുവിന്റെ വാദം. കാസർകോട്, വയനാട്, ഇടുക്കി ജില്ലാ പ്രസിഡന്റ് നിയമനവും വിവാദമായിരുന്നു.
മാത്യു.ടി. തോമസിനെ തഴഞ്ഞ് നാണുവിനെ അദ്ധ്യക്ഷനാക്കാൻ കൃഷ്ണൻകുട്ടിക്കും സമ്മതമായിരുന്നെങ്കിലും പിന്നീടാണ് തെറ്റിയത്. സംസ്ഥാന യുവജന കമ്മിഷനിലെ പാർട്ടി നോമിനിയെ ചൊല്ലിയുള്ള തർക്കത്തോടെ നാണുവും കൃഷ്ണൻകുട്ടിയും പൂർണമായും വിരുദ്ധധ്രുവങ്ങളിലായി. തർക്കങ്ങളിൽ നിഷ്പക്ഷ നിലപാടിലാണ് മുൻമന്ത്രി മാത്യു.ടി.തോമസ്. നീലനും മിണ്ടിയിട്ടില്ല.