
തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് നോഡൽ ഓഫീസർ ഡോ.അരുണയെയും ഹെഡ് നഴ്സുമാരെയും സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാരും നഴ്സുമാരും നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രി കെ.കെ.ശൈലജയുമായി ഇന്നലെ സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്നാണിത്. ഇന്നു മുതൽ എല്ലാ മെഡിക്കൽ കോളേജുകളിലെയും കൊവിഡ് ഇതര ഒ.പി ബഹിഷ്കരിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകിയിരുന്നു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റംലാ ബീവി നൽകിയ വിശദമായ അന്വേഷണ റിപ്പോർട്ടിൻമേൽ 24 മണിക്കൂറിനുള്ളിൽ അനുകൂലമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. പ്രാഥമിക അന്വേഷണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ഡോ.അരുണയെയും ഹെഡ് നഴ്സുമാരെയും തിരിച്ചെടുക്കാനാണ് സാദ്ധ്യത. എന്നാൽ, പുഴുവരിക്കലിന് ഇരയായ രോഗിയെ അഡ്മിറ്റ് ചെയ്ത ഓർത്തോ വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചിലർക്കെതിരെ നടപടി സ്വീകരിച്ചേക്കും. ഇന്നലെ വൈകിട്ട് നടന്ന ചർച്ചയിൽ രണ്ടുദിവസം മുൻപ് നടന്നതിൽനിന്ന് വ്യത്യസ്തമായി, ആരോഗ്യപ്രവർത്തകർക്ക് അനുകൂലമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. കൊവിഡ് സാഹചര്യത്തിൽ സമരം ശരിയല്ലെന്ന മന്ത്രിയുടെ അഭിപ്രായത്തോട് സംഘടനാ പ്രതിനിധികൾ യോജിച്ചു. എന്നാൽ, തെറ്റായ നടപടി പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വൈകിട്ട് നാലുമുതൽ അഞ്ചുവരെ നടന്ന ചർച്ചയിൽ കെ.ജി.എം.സി.ടി.എ, കെ.ജി.പി.എം.ടി.എ പ്രതിനിധികൾ മന്ത്രി ഓഫീസിൽ നേരിട്ടെത്തിയും മറ്റു പത്തോളം സംഘടനാപ്രതിനിധികൾ ഒൺലൈനായും പങ്കെടുത്തു.
വെള്ളിയാഴ്ച സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയാണ് ഡോക്ടർമാരും നഴ്സുമാരും രണ്ടായി സംഘടിച്ച് പ്രതിഷേധത്തിനിറങ്ങിയത്. അന്നു രാത്രി സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്കു വിളിച്ചെങ്കിലും തീരുമാനം പുന:പരിശോധിക്കില്ലെന്ന നിലപാട് മന്ത്രി സ്വീകരിച്ചതോടെ അത് പരാജയപ്പെട്ടു. ശനിയാഴ്ച ഡോക്ടർമാർ രണ്ട് മണിക്കൂർ ഒ.പി ബഹിഷ്കരണവും തുടർന്ന് 48മണിക്കൂർ റിലേ സത്യഗ്രഹവും തുടങ്ങി. ഞായറാഴ്ച നഴ്സുമാർ നിരാഹാരസമരത്തിലുമായി. ഇതോടെ മെഡിക്കൽ കോളേജിലെ സാഹചര്യം വഷളായി. മറ്റു മെഡിക്കൽ കോളേജുകളിലേക്കും അനിശ്ചിതകാലസമരം വ്യാപിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ഇന്നലെ എല്ലാ മെഡിക്കൽ കോളേജുകളിലും രാവിലെ എട്ടു മുതൽ പത്തുവരെ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചിരുന്നു.
സമരം കടുത്തു, റിപ്പോർട്ട് വേഗത്തിൽ
സസ്പെൻഷനുശേഷം ഏഴുദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് ഡി.എം.ഇയോട് ആദ്യം പറഞ്ഞിരുന്നത്. സ്ഥിതി വഷളായതോടെ രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കി കൈമാറി. സമരം ശക്തമായതോടെ അന്വേഷണ റിപ്പോർട്ട് വേഗത്തിലാക്കാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച ഡി.എം.ഇ റംലാബീവി ഓഫീസിലെത്തി ഡോ.അരുണയെയും ഹെഡ് നഴ്സുമാരെയും വിളിച്ച് അവരുടെ ഭാഗം കേട്ടു. തുടർന്നാണ് റിപ്പോർട്ട് ഇ-മെയിലായി വകുപ്പ് സെക്രട്ടറിക്ക് അയച്ചത്.