
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിൽ ക്രമക്കേട് നടക്കുന്നു എന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കൾ നഗരസഭാ സെക്രട്ടറിയെ തടഞ്ഞു വച്ചു.
എല്ലാ രേഖകളോടും കൂടി സമർപ്പിച്ച 36 അപേക്ഷകരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. നടപടിയെടുക്കുമെന്ന് സെക്രട്ടറി രേഖാമൂലം അറിയിച്ചതിനു ശേഷമാണ് സമരം അവസാനിച്ചത്.
സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, മണ്ഡലം പ്രസിഡന്റ് ആറ്റിങ്ങൽ സന്തോഷ്, അജിത് പ്രസാദ്, വക്കം.ജി. അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
പട്ടികയിൽ പേര് ചേർക്കുന്നതിൽ വ്യാപകമായി ക്രമക്കേടുകളാണ് ആറ്റിങ്ങൽ നഗരസഭയിൽ നടക്കുന്നതെന്നും ക്രമക്കേട് നടത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ സമരം തുടരുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അനുബന്ധപട്ടിക പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിക്കാൻ തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ നഗരൂർ പ്രദീപ്, വി. ശിവൻപിള്ള എന്നിവരും പങ്കെടുത്തു.