
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക നിഗമനം. അതേസമയം, സ്വപ്ന സുരേഷും സന്ദീപ് നായരും നാല് കോടിയിലധികം രൂപ കൈപ്പറ്റിയെന്നും കണ്ടെത്തി. ഇവരുടെ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ വിജിലൻസ് ബാങ്കുകൾക്ക് നോട്ടീസ് നൽകി.
ലൈഫ് ക്രമക്കേടിൽ കരാർ കമ്പനികളും ലൈഫ് മിഷൻ ഉദ്യോഗസ്ഥരും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ് കോടതിയിൽ നൽകിയ എഫ്.ഐ.ആറിൽ പറഞ്ഞിരുന്നു. പ്രതികൾ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് പറഞ്ഞിരുന്നെങ്കിലും, അഴിമതി നടത്തിയതായി പരാമർശമുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സർക്കാർ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തിയത്.
സെക്രട്ടേറിയറ്റിലെ തദ്ദേശസ്വയംഭരണ വികുപ്പിൽ നിന്ന് ശേഖരിച്ച ഫയലുകളും മറ്റ് രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. സ്വപ്ന സുരേഷ് 3.6 കോടിയും സന്ദീപ് 60 ലക്ഷവും കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. യു.എ.ഇ കോൺസുൽ ജനറലിനെന്ന പേരിലാണ് സ്വപ്ന പണം കൈപ്പറ്റിയത്