
തിരുവനന്തപുരം: പുതിയൊരു പടം വരയ്ക്കുന്നതിനിടയിലാണ് ദേവിക ആ ഫോണെടുത്തത്. അങ്ങേ തലയ്ക്കൽ നിന്ന് ഒരു ചോദ്യം- '' ഇത് പട്ടം കെ.വിയിലെ ഒൻപതാം ക്ലാസുകാരി ദേവികയാണോ?''
'' അതെ, ദേവികയാ...''
''ഇത് മന്ത്രി എ.കെ.ബാലനാണ്''
'' അയ്യോ, മന്ത്രിയോ... സാർ''
''മോളുടെ ഹിമാചൽ നാടൻ പാട്ട് കേട്ടു, വളരെ മനോഹരമായിരിക്കുന്നു. കേരളകൗമുദിയിൽ വന്ന വാർത്തകളും വായിച്ചു. അവിടെ മോളുടെ പാട്ട് തരംഗമായിരിക്കുകയാണല്ലോ...''
സന്തോഷം കൊണ്ട് മറുപടി ദേവികയുടെ തൊണ്ടയിൽ കുരുങ്ങി.
മന്ത്രി തുടർന്നു: ''ഹിമാചലിലെ താക്കാർദാസ് രാഥി ദേവികയെ പറ്റി പറഞ്ഞതും പാടിയതുമെല്ലാം യു ട്യൂബിലൂടെ കണ്ടു. വലിയപാട്ടുകാരിയാകണം കേട്ടോ...''
''ശരി സാർ''
ദേവിക ഫോൺ അമ്മ സംഗീതയ്ക്ക് കൈമാറി. ''മോൾക്ക് നല്ല ഭാവിയുണ്ട്. എന്റെ ആശംസകൾ അറിയിക്കാനാണ് വിളിച്ചത്'' ഡി.പി.ഐ ജീവനക്കാരിയായ സംഗീത അപ്പോൾ ഓഫീസിൽ നിന്നു എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
പാട്ട് ശാസ്ത്രീയമായി പഠിക്കാൻ ആഗ്രഹിച്ചിരുന്ന ദേവികയെ തേടി മറ്റൊരു ഫോൺകോൾ അതിനുമുമ്പ് എത്തിയിരുന്നു. തന്റെ ശബ്ദദത്തിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ ആകർഷിക്കുന്ന പിന്നണിഗായിക ലൗലി ജനാർദ്ദനൻ ദേവികയോട് ചോദിച്ചു. ''മോൾക്ക് പാട്ട് പഠിക്കണോ''
''വേണം''-
''ഞാൻ പഠിപ്പിക്കാം. നല്ല ദിവസം നോക്കി ഓൺലൈനായി ക്ലാസ് തുടങ്ങാം''- അമ്മ ഓഫീസിൽ നിന്നെത്തിയ ഉടനേ ഇക്കാര്യം പറയുന്നതിനിടയിലാണ് സാംസ്കാരിക മന്ത്രിയുടെ ഫോൺവിളി എത്തിയത്.
ദേവികയുടെ ഗാനം ഹിമാചൽ പ്രദേശുകാർക്കിടയിൽ പരിചയപ്പെടുത്തിയ താക്കൂർദാസ് രാഥിയുടെ ഫേസ്ബുക്ക് പേജിൽ ഗാനം ആസ്വദിച്ചവരുടെ എണ്ണം 20 ലക്ഷത്തിലേറെയായി. ദേവികയുടെ പാട്ടിനൊപ്പം ചേർന്ന് താക്കൂർദാസ് രാഥി പാടുന്നത് കൗമുദി യു ട്യൂബിലൂടെ കണ്ടപ്പോൾ ഏറെ അഭിമാനവും സന്തോഷവും തോന്നിയെന്ന് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്രിൻസിപ്പൽ അജയകുമാർ പറഞ്ഞു.