
തിരുവനന്തപുരം: ഇരുപത്തിരണ്ടു വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിലേക്കുള്ള യാത്രക്കിടെ ഹരിയാനയിലെ കുരുക്ഷേത്രയിൽ റോഡപകടത്തിൽ മരിച്ച വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശി ലാൻസ് നായിക് സതീഷ് കുമാറിന്റെ വേർപാട് നാടിന് തീരാവേദനയായി. ഇന്നലെ വൈകിട്ട് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹം രാത്രി 8ന് ശാന്തികവാടത്തിൽ സംസ്കരിച്ചപ്പോൾ നാടൊന്നാകെ അന്ത്യാഞ്ജലിയേകി.
3ന് പുലർച്ചെ 4ന് നടന്ന അപകടത്തിലാണ് സതീഷ്‌കുമാർ മരിച്ചത്. കാശ്മീരിൽ ജോലി ചെയ്തിരുന്ന കൊടുങ്ങാനൂർ പ്രയാഗയിൽ സതീഷ്‌കുമാർ (42) സെപ്തംബർ 30നാണ് സർവീസിൽ നിന്ന് വിരമിച്ചത്. 2ന് വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്ന 10 പേരുമായി സൈനിക ട്രക്കിൽ ഡൽഹിയിലിലേക്ക് വരികയായിരുന്നു. യാത്രാമദ്ധ്യേ കുരുക്ഷേത്രയ്ക്ക് സമീപം ട്രക്കിന്റെ ടയർ പഞ്ചറായി. ടയർ മാറ്റാനിറങ്ങിയ ഡ്രൈവറെ സഹായിക്കാനായി പുറത്തിറങ്ങിയ സതീഷ് കുമാറിനെ അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിയന്ത്രണംതെറ്റി തലകീഴായി മറിയുകയും ചെയ്‌തു. ഗുരുതരമായി പരിക്കേറ്റ സതീഷ്‌കുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഭാര്യ:പ്രിയ (വഞ്ചിയൂർ കോടതി ജീവനക്കാരി ), മക്കൾ : കാശിനാഥ്, പ്രമേയ.