ss

തിരുവനന്തപുരം: ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലെ തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇരുവിഭാഗങ്ങളെയും നടത്തിയ ചർച്ചയിൽ സമവായമായില്ല. സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി നടത്തിയ സമവായ ചർച്ച ഒരുമണിക്കൂർ നീണ്ടു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തന്നെ മൂന്നാംഘട്ട ചർച്ച തുടരാനാണ് ധാരണ. തീയതി പിന്നീട് തീരുമാനിക്കും.സഭകൾ തമ്മിലുള്ള തർക്കം ക്രമസമാധാനപ്രശ്നമായി മാറുന്നത് തടയണമെന്നുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന ഇരുസഭകളും അംഗീകരിച്ചു. മദ്ധ്യസ്ഥരും സാന്നിദ്ധ്യത്തിലുള്ള ചർച്ച തുടരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. തോമസ് മാർ അത്തനാസിയോസ് എന്നിവരും യാക്കോബായ സഭയെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഡി.ജി.പി ലോക്‌നാഥ് ബെഹ്റ എന്നിവരും സന്നിഹിതരായിരുന്നു.

സഭകളുടെ വാദഗതികൾ

കോടതി വിധി നടപ്പാക്കണമെന്നും 1934ലെ ഭരണഘടനയനുസരിച്ച് പള്ളികളുടെ പ്രവർത്തനം നടക്കണമെന്നും ഓർത്തഡോക്സ് സഭാ പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ ഇടവകാംഗങ്ങളുടെ ഹിതപരിശോധനയാണ് നടത്തേണ്ടതെന്നാണ് യാക്കോബായ സഭാ പ്രതിനിധികൾ ആവശ്യപ്പെട്ടത്. കോടതിവിധി നടപ്പാക്കുന്ന ഘട്ടത്തിൽ പ്രതിസന്ധികളുണ്ടായാൽ അപ്പോൾ പരിഹരിക്കാമെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. രണ്ട് സഹോദരസഭകളായി മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് യാക്കോബായ വിഭാഗം നേതാക്കളും പറഞ്ഞു. ഹിതപരിശോധനയ്ക്ക് ആവശ്യമെങ്കിൽ ഓർഡിനൻസ് കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. ഉപാധിരഹിതമായി തുടരുന്ന ചർച്ചകളിലൂടെ സമവായാന്തരീക്ഷം ഉണ്ടാക്കിയെടുക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ കോടതിവിധി അംഗീകരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നാണ്

ഓർത്തഡോക്സ് വിഭാഗത്തിന്റെ പക്ഷം.