തിരുവനന്തപുരം: നിരോധനാജ്‌ഞയുടെയും കൊവിഡ് നിയന്ത്രണങ്ങളുടെയും ഭാഗമായ ക്രമീകരണങ്ങളുണ്ടായിട്ടും ട്രഷറികളിലും എസ്.ബി.ഐ ശാഖകളിലും ഇന്നലെ വൻ തിരക്ക് അനുഭവപ്പെട്ടു. മൂന്നു ദിവസം ട്രഷറികളും ബാങ്കുകളും അടഞ്ഞുകിടന്നതും സർവീസ് പെൻഷൻകാർ പെൻഷനു വേണ്ടി ട്രഷറിയിലും പെൻഷൻ പണം പിൻവലിക്കാൻ ബാങ്കുകളിലും എത്തിയതും തിരക്ക് കൂടുന്നതിന് കാരണമായി.
ക്ലാർക്കിന് കൊവിഡ്: വെള്ളയമ്പലം ട്രഷറി ഇന്നലെ അടച്ചിട്ടു
ഒരു ജീവനക്കാരന് കൊവിഡ് പോസിറ്രീവായതിനെ തുടർന്ന് വെള്ളയമ്പലം ട്രഷറി ഇന്നലെ അടച്ചിട്ടു. മറ്ര് ജീവനക്കാരെല്ലാം നിരീക്ഷണത്തിൽ പോയി. മറ്ര് ട്രഷറികളിലെ ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി ഇന്ന് ട്രഷറി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. വെള്ളയമ്പലം ട്രഷറിയിൽ പെൻഷനായി എത്തിയവരോട് തൊട്ടടുത്ത ട്രഷറികളെ സമീപിക്കാൻ നിർദ്ദേശിച്ചു. കൂടുതൽ പേരും നിയമസഭാ, വികാസ് ഭവൻ ട്രഷറികളിലാണെത്തിയത്. ഇത് ഇവിടെയും തിരക്കിനിടയാക്കി.