
സഹോദരന്മാർ ഉൾപ്പെടെ മൂന്ന് പേർ പ്രതികൾ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം നെടുമ്പാശേരി വാപ്പാലശേരി കൈയാലപ്പടിയിൽ കഞ്ചാവ് - മോഷണ കേസുകളിലെ പ്രതി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികൾക്കായി മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ച്ച രാവിലെയാണ് അങ്കമാലി തുറവൂർ തെക്കിനേത്ത് ജിസ്‌മോൻ (36) കുത്തേറ്റ് മരിച്ചത്. അങ്കമാലി റെയിൽവേ കോളനിക്ക് സമീപം താമസിക്കുന്ന സഹോദരങ്ങളായ വിനു മണി, മനു മണി, ബേയ്‌സിൽ എന്നിവർക്കായാണ് നെടുമ്പാശേരി പൊലീസ് വലവിരിച്ചിട്ടുള്ളത്. ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നിർദേശാനുസരണം നെടുമ്പാശേരി സി.ഐ പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം. പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും സംഭവ സമയത്തിന് മുമ്പും ശേഷവും വിളിച്ചിട്ടുള്ള കോൾ ലിസ്റ്റ് പൊലീസ് ശേഖരിക്കുന്നുണ്ട്. ജിസ്‌മോനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതാണെന്നാണ് സൂചന. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. ജിസ്‌മോനിൽ നിന്നും നേരത്തെ കഞ്ചാവ് വാങ്ങിയ ഇനത്തിൽ പ്രതികൾ 25,000 രൂപയോളം നൽകാനുണ്ട്. ഈ പണം നൽകാമെന്നും കൂടാതെ കഞ്ചാവ് ആവശ്യപ്പെട്ടുമാണ് ഇയാളെ വിളിച്ചുവരുത്തിയതെന്ന് പറയപ്പെടുന്നു. പ്രതികളെ പിടികൂടിയെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്, മോഷണം ഉൾപ്പെടെ 13 ഓളം കേസുകളിൽ പ്രതിയായിരുന്നു ജിസ്‌മോൻ. കളമശേരി മെഡിക്കൽ കോളേജിൽ കൊവിഡ് പരിശോധനയ്ക്ക് ശേഷം ജിസ്മോന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.