oct05a

ആറ്റിങ്ങൽ: ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാതെ വിഷമിച്ച ജയന് പൊലീസ് പദ്ധതിയായ 'ചിരി' പഠനസൗകര്യമൊരുക്കി. ആറ്റിങ്ങൽ മേൽകടയ്ക്കാവൂർ പഴഞ്ചിറ തെങ്ങുവിള വീട്ടിൽ ആന്റണി - ബിന്ദു ദമ്പതികളുടെ മകൻ ജയൻ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ജയന്റെ കഥ ‘ ഞങ്ങൾ ആറ്റിങ്ങൽക്കാരാ’ എന്ന - ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് പുറത്തു വന്നത്. അവർതന്നെയാണ് ചിരി ഹെൽപ്പ്‌ലൈൻ നമ്പരിലേക്ക് വിളിക്കാൻ പ്രോത്സാഹിപ്പിച്ചത്. ഫേസ്ബുക്ക് കൂട്ടായ്മ വഴി സമാഹരിച്ച മൊബൈൽ ഫോൺ ജയന് കൈമാറിയിരുന്നെങ്കിലും വീട്ടിലെ സാഹചര്യം അവന്റെ പഠനത്തിന് സഹായകരമായിരുന്നില്ല. ചിരിയിലേക്ക് വിളിച്ചതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ജയനും അനുജനും പഠിക്കാനാവശ്യമായ പഠനമേശ, നോട്ടുബുക്കുകൾ, പേനകൾ, പെൻസിലുകൾ, ജോമെട്രിക് ബോക്സ്, കളർ പെൻസിലുകൾ എന്നിവ വീട്ടിലെത്തിച്ചു. കൂടാതെ ഇവർക്ക് വീടിനടുത്ത് ഒരു ട്യൂഷൻ സൗകര്യവും ഏർപ്പെടുത്തി. 'ചിരി'യുടെ ടീമിൽപ്പെട്ട അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എൻ. സാബു, ചലച്ചിത്ര കാമറാമാൻ എൻ. അയ്യപ്പൻ, മുതിർന്ന കേഡറ്റായ ശില്പ എന്നിവരാണ് നേതൃത്വം നൽകിയത്.

കൊവിഡ് കാലത്തെ 'ചിരി' ഹിറ്റ്

കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് കേരള പൊലീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ചിരി പദ്ധതി ഹിറ്റാകുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ ഇരിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുന്നതിനായി കഴിഞ്ഞ ജൂലായ് 21നാണ് പദ്ധതി ആരംഭിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്കാണ് ചിരിയുടെ നിർവഹണ ചുമതല. ഇതിനോടകം 2500 ലധികം കാളുകളാണ് 9497 900 200 എന്ന ചിരി ഹെൽപ്പ് ലൈൻ നമ്പരിലേക്ക് എത്തിയത്. തിരുവനന്തപുരം റൂറൽ ജില്ലയിൽ അഡിഷണൽ എസ്.പി. ഇ.എസ്. ബിജുമോനാണ് ജില്ലയിലെ ഏകോപന ചുമതല. ഐ.ജി പി. വിജയൻ സംസ്ഥാന നോഡൽ ഓഫീസറാണ്.