vyshak

താനൂർ: യുവാവിനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രതികൾ പൊലീസിന്റെ വലയിലെന്നു സൂചന. ഇവരുടെ അറസ്റ്റ് ഉടനുണ്ടായേക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബേപ്പൂർ സ്വദേശി പറമ്പത്ത് വീട്ടിൽ വൈശാഖിനെ(27) താനൂർ പി.വി.എസ് തിയേറ്ററിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും വിലയിരുത്തിവരികയാണെന്ന് താനൂർ സി.ഐ പി. പ്രമോദ് പറഞ്ഞു.
കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തപ്പോൾ വൈശാഖിന്റെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നില്ല. അബദ്ധത്തിൽ കുളത്തിൽ വീണ് മരിച്ചതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിൽ ആന്തരിക പരിക്കുകൾ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്.
ആശാരിപ്പണിക്കെത്തിയ യുവാവ് തിയേറ്റർ പരിസരത്തെ സ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നത്. വ്യാഴാഴ്ച രാവിലെ വീട്ടുകാർ ഫോണിൽ വിളിച്ചിട്ടും ലഭിക്കാതിരുന്നതിനാൽ താനൂരിലെ സുഹൃത്തുക്കളെ വിവരമറിയിച്ചു. തെരച്ചിലിൽ കുളക്കടവിൽ നിന്നും മൊബൈൽഫോൺ ലഭിച്ചു. കുളത്തിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്.