
വിതുര: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വിതുരമേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. പരിശോധന ശക്തമാണെങ്കിലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് നൂറുകണക്കിന് പേരാണ് ടൂറിസം മേഖലകളിൽ എത്തുന്നത്. ശനി,ഞായർ ദിവസങ്ങളിലാണ് കൂടുതൽ പേരും എത്തുന്നത്. വിതുര, പൊന്മുടി, വലിയമല എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ കിണഞ്ഞു പരിശ്രമിച്ചിട്ടും സഞ്ചാരികളെ നിയന്ത്രിക്കാനായിട്ടില്ല. വിതുര പഞ്ചായത്തിലെ നാല് വാർഡുകൾ നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇൗ വാർഡുകളിൽ വരെ സഞ്ചാരികൾ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ടെയ്മെന്റ് സോണായ വിതുര പഞ്ചായത്തിലെ മുളയ്ക്കോട്ടുകര വാർഡിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഘത്തെയും പൊലീസ് എത്തി മടക്കി അയച്ചിരുന്നു.
കല്ലാർ നദിയിൽ നീരാട്ട്
പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാവുമ്പോഴും കല്ലാർ നദിയിൽ കുളിക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം ആറ് മാസമായി അടഞ്ഞുകിടക്കുന്നതിനാൽ സഞ്ചാരികൾ കല്ലാറിൽ എത്തി മടങ്ങുകയാണ് പതിവ്. യുവ സംഘങ്ങളാകട്ടെ കല്ലാറിൽ വിശാലമായി കുളിച്ച ശേഷമാണ് മടക്കയാത്ര നടത്തുന്നത്. ഇക്കൂട്ടരെ ശല്യം നിമിത്തം കല്ലാർ നിവാസികളും പൊറുതിമുട്ടിയിരിക്കുകയാണ്. രാവിലെ എത്തുന്ന സംഘങ്ങൾ രാത്രിയോടെയാണ് മടങ്ങുന്നത്.