
തിരുവനന്തപുരം : കേന്ദ്രത്തിൽ നിന്നുള്ള ജി.എസ്. ടി നഷ്ടപരിഹാരം ലഭിച്ചാൽ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിൽ നിന്ന് പിന്മാറാൻ സർക്കാർ ആലോചിക്കുന്നു.
നിബന്ധനയില്ലാത്ത വായ്പയെടുക്കുന്ന പരിധി അര ശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കിയതും ശമ്പളം പിടിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
നിബന്ധന ഇല്ലാത്ത ഒരു ശതമാനം വായ്പ വഴി 9000 കോടി രൂപ കിട്ടും. നഷ്ടപരിഹാരത്തിന്റെ ഭാഗമായി കേന്ദ്രം ഇപ്പോൾ നൽകാമെന്ന് പറയുന്ന 44,000 കോടിയിൽ കേരളത്തിന് 2000 കോടിയോളം കിട്ടുമെന്നാണ് കരുതുന്നത്. അത് താത്കാലിക ആശ്വാസമാകും.
1,10,000 കോടി വരെ ജി.എസ്. ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് നൽകാമെന്നാണ് കേന്ദ്ര നിലപാടെന്ന് അറിയുന്നു. ഈ മാസം 12ന് ചേരുന്ന ജി. എസ്.ടി കൗൺസിൽ യോഗതിൽ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് സൂചന. 
ആദ്യ ഗഡു കൂടാതെ ഈ വകയിൽ 7000 കോടിയെങ്കിലും വീണ്ടും കേരളത്തിന് കിട്ടും. അങ്ങനെയാണെങ്കിൽ ശമ്പളം പിടിക്കുന്നത് ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടൽ. ഇപ്പോൾ ആറുമാസത്തേക്ക് മൂന്നുദിവസത്തെ ശമ്പളം പിടിക്കാനാണ് ആലോചിച്ചിരുന്നത് . ഇതുവഴി 1300 കോടി മാത്രമാണ് ലഭിക്കുക. വീണ്ടും ശമ്പളം പിടിക്കുന്നതിനെ ഭരണകക്ഷി യൂണിയനുകൾ തന്നെ എതിർത്തതും ജീവനക്കാരിൽ വ്യാപകമായി എതിർപ്പുണ്ടായതുമാണ് പുനർവിചിന്തനത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. ആദ്യം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ആറു ദിവസത്തെ വീതം ശമ്പളമാണ് പിടിച്ചത്. ഇതുവഴി 2600 കോടിയാണ് ലഭിച്ചത്.