തിരുവനന്തപുരം: ലൈസൻസ് പുതുക്കുന്നതിന് ബേക്കറി ഉടമയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. കുടപ്പനക്കുന്ന് ഹെൽത്ത് ഓഫീസിലെ എച്ച്.ഐ മോഹനചന്ദ്രനെയാണ് കോർപറേഷനിലെ വിജിലൻസ് വിഭാഗം പിടികൂടിയത്. കുടപ്പനക്കുന്നിൽ പ്രവർത്തിക്കുന്ന ബേക്കറിയുടെ ഉടമയിൽ നിന്ന് നാലുകടകളുടെ ലൈസൻസ് പുതുക്കുന്നതിന് ഇയാൾ 5000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇതോടെ കടയുടമ വിജിലൻസിനെ സമീപിക്കുകയായിരുന്നു. നേരത്തെ ലൈസൻസ് പുതുക്കുന്നതിന് കടയുടമയുടെ കൈയിൽ നിന്ന് എച്ച്.ഐ 5000 രൂപ വാങ്ങിയിരുന്നു. എന്നാൽ നടപടിയാകാത്തതിനെ തുടർന്ന് സോണൽ ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ കുടപ്പനക്കുന്നിൽ വച്ച് പണം കൈമാറാമെന്ന് കടയുടമ മോഹനചന്ദ്രനെ അറിയിച്ചു. എന്നാൽ നേരിട്ട് വേണ്ടെന്നും തന്റെ കാറിൽ പണം വച്ചിട്ട് പൊയ്‌ക്കൊള്ളാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് പണം കാറിൽ വച്ചശേഷം ബേക്കറിയുടമ പോയി. പണവുമായി ഓഫീസിലെത്തിയപ്പോഴാണ് മോഹനചന്ദ്രനെ വിജിലൻസ് പിടികൂടിയത്.