
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്ഡിൽ (ഓപ്പറേഷൻ പി-ഹണ്ട്) 41പേർ അറസ്റ്റിലായി. 227 കേസുകൾ രജിസ്റ്റർ ചെയ്തു. പാലക്കാട്ടാണ് കൂടുതൽ അറസ്റ്റ് - 9പേർ. കൂടുതൽ കേസുകൾ മലപ്പുറത്താണ്, 44. അറസ്റ്റിലായ ഭൂരിഭാഗവും ഐ.ടി വിദഗ്ദ്ധരായ യുവാക്കളാണ്. വീടുകളിലും ഫ്ലാറ്റുകളിലും ചിത്രീകരിച്ച കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു. മലയാളികൾ ഉൾപ്പെടെ 6 മുതൽ 15 വയസുവരെയുള്ള കുട്ടികളുണ്ട്.വീടുകളിലും കുട്ടികൾ സുരക്ഷിതരല്ലെന്നും കൊവിഡ് കാലത്ത് കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് ദുരുപയോഗം ചെയ്തെന്നും കണ്ടെത്തി. ഞായറാഴ്ച പുലർച്ച മുതൽ 326 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങി 285 ഉപകരണങ്ങൾ പിടിച്ചെടുത്തു.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നവരെയും അപ്ലോഡ് ചെയ്യുന്നവരെയും സൈബർഡോം നിരീക്ഷിച്ചിരുന്നു. പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് ഇവരുടെ ഐപി വിലാസം ശേഖരിക്കുകയും സാമൂഹ്യമാദ്ധ്യങ്ങളിലെ അക്കൗണ്ടുടമകളെ കണ്ടെത്തുകയും ചെയ്തു. 400ലേറെ അംഗങ്ങളുള്ളടെലിഗ്രം, വാട്സ്ആപ് ഗ്രൂപ്പുകൾ കണ്ടെത്തി. ചക്ക, ബിഗ്മെലോൺ, ഉപ്പും മുളകം, ഗോൾഡ് ഗാർഡൻ, ദേവത, ഇൻസെസ്റ്റ് ലവേഴ്സ്, അമ്മായി, അയൽക്കാരി, പൂത്തുമ്പികൾ, സുഖവാസം, കൊറോണ തുടങ്ങിയ ഗ്രൂപ്പുകളിലാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചത്. ഇത്തരക്കാർക്കെതിരെ കർശന നടപടിക്ക് ഡി.ജി.പി ലോക്നാഥ് ബെഹറ നിർദ്ദേശിച്ചിരുന്നു.