കോവളം: ക്രൂ ചെയ്ഞ്ചിംഗിൽ ഹാഫ് സെഞ്ച്വറി തികച്ച് വിഴിഞ്ഞം തുറമുഖം. സിംഗപ്പൂരിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്ര മദ്ധ്യേ ഇന്നലെ രാവിലെ എട്ടരയോടെ ഹോങ്കോങ് രജിസ്‌ട്രേഷനുള്ള നേവ് ബ്യൂണെ സ്റ്റ്യൂർട്ടെ ക്രൂഡ് ഓയിൽ ടാങ്കർറും ഫിലിപ്പീൻസിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്രാമദ്ധ്യേ മോർസ്റ്റോൺ എന്ന എൽ.പി.ജി ടാങ്കറും ഇന്നലെ എത്തി. ഏഴ് പേരെ കരയ്ക്കിറക്കി പകരം പത്ത് ജീവനക്കാരെ കപ്പലിൽ പ്രവേശിപ്പിച്ച് ഉച്ചയോടെ മോർസ്റ്റോൺ വിഴിഞ്ഞം തീരം വിട്ടു. സ്റ്റ്യൂർട്ടെയിൽ നിന്നും ഏഴ് പേർ കരയ്‌ക്കിറങ്ങിയപ്പോൾ ഏഴ് ജീവനക്കാർ കപ്പലിൽ പ്രവേശിച്ചു. ജീവനക്കാർക്ക് അധികൃതർ ഊഷ്‌മളമായ വരവേല്പും നൽകി. തിരുവനന്തപുരം റീജിയണൽ പോർട്ട് ഓഫീസർ ക്യാപ്ടൻ ഹരി അച്യുതവാര്യർ, വിഴിഞ്ഞം പോർട്ട് ഓഫീസർ സുരേന്ദ്രനാഥ്, പോർട്ട് കൺസർവേറ്റർ കിരൺ, കസ്റ്റംസ് സൂപ്രണ്ട് ജയരാജ്, ആരോഗ്യ വകുപ്പ് അധികൃതർ, എമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, ഡോവിംഗ് ഷിപ്പിംഗ് ഏജൻസി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.