thotti

പാറശാല: കൊവിഡ് കാലം എത്തിയതോടെ ഏഷ്യയിലെ എറ്റവും ഉയരം കൂടിയ ചരിത്ര വിസ്മയങ്ങളിൽ ഒന്നായ മാത്തൂർ തെട്ടിപ്പാലം വിജനം. കേരള - തമിഴ്നാട് സർക്കാരുകൾ അതിർത്തികൾ അടച്ചതോടെ ജീവിതം വഴിമുട്ടിയവരിൽ നൂറോളം ചെറുകിട കച്ചവടക്കാരായ ഗ്രാമീണരും ഉൾപ്പെടുന്നു. കന്യാകുമാരി ജില്ലയിലെ മലനിരകൾ നിറഞ്ഞ പ്രദേശമായിരുന്നു കനിയാംപാറ, മാത്തൂർ പ്രദേശം. തൊട്ടിപ്പാലം വന്നതിനു ശേഷമാണ് ഇവിടെ ജനവാസ മേഖലയായത്. ഇവിടെ പ്രതിദിനം വന്നുകൊണ്ടിരുന്ന നൂറുകണക്കിനു സഞ്ചാരികളെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇവിടത്തെ മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ള ഗ്രാമീണർ. കേരള അതിർത്തിയിൽ നിന്നും 23 കിലോമീറ്റർ അകലെയാണ് മാത്തൂർ തൊട്ടിപ്പാലം. 1960 കാലഘട്ടങ്ങളിൽ വരൾച്ചയിലായിരുന്ന കൽക്കുളം, വിളവൻക്കോട് പ്രദേശങ്ങളിൽ വ്യാവസായത്തിന് വെള്ളം എത്തിക്കാനായി അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജാണ് കനിയാംപാറ കൂട്ടുവായ് പാറ എന്നീ രണ്ട് മലനിരകളെ ഒരുമിപ്പിക്കുന്ന തൊട്ടിപ്പാലം നിർമ്മാണത്തിന് ഉത്തരവിക്കിയത്. ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്ക് വെള്ളം ഒഴുക്കാൻ സ്ഥാപിച്ച 1204 അടി നീളവും തറയിൽ നിന്ന് 104 അടി ഉയരവുമുള്ള ഈ പാലത്തെ താങ്ങുന്നത് 32 അടി ചുറ്റളവുള്ള 28 വമ്പൻ തൂണുകളാണ്. സമുദ്രനിരപ്പിൽ നിന്നും 115 അടിയോളം ഉയരത്തിൽ നിർമിച്ച തൊട്ടിപ്പാലത്തിന് 13 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. 1962ൽ നിർമ്മാണം ആരംഭിച്ച് 1969ൽ പൂർത്തികരിച്ച തൊട്ടിപ്പാലം മാത്തൂർ, കുട്ടുവായ്പാറ എന്നീ പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. മഹേന്ദ്ര മലയിൽ നിന്നും പളനിയാറിലേക്ക് എത്തുന്ന വെള്ളമാണ് ഇവിടെ നിന്നും തൊട്ടിപ്പാലത്തിലൂടെ കൽക്കുളം, വിളവൻക്കോട് ഗ്രാമങ്ങളിൽ എത്തിക്കുന്നത്. തൊട്ടിപ്പാലത്തിലൂടെയുള്ള യാത്ര സാഹസികത നിറഞ്ഞതാണ്. കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ പടിക്കെട്ടുകളും പൂന്തോട്ടങ്ങളും ശില്പങ്ങളുമൊക്കെയായി രസകരമാണ് മാത്തൂർപ്പാലം.